ഷംന കാസിമിനും കുടുംബത്തിനും കാട്ടിക്കൊടുത്തത് ദുബായി വ്യാവസായിയായ യാസിറിന്റെ ചിത്രം; നിര്‍മ്മാതാവ് ചമഞ്ഞ് എത്തിയത് പന്തല്‍ പണിക്കാരന്‍

കൊച്ചി: ദുബായിലെ വന്‍ വ്യവസായിയായ അന്‍വര്‍ എന്ന പേരില്‍ നടി ഷംന കാസിമിനും കുടുംബത്തിനും കാട്ടിക്കൊടുത്തത് ദുബായില്‍ വ്യാപാരിയായ കാസര്‍ഗോഡ് സ്വദേശി യാസിറിന്റെ ചിത്രം. സിനിമാ നിര്‍മാതാവ് ചമഞ്ഞ് ഷംനയുടെ വീട്ടിലെത്തിയതു കോട്ടയത്തെ പന്തല്‍ പണിക്കാരന്‍.

പെണ്ണുകാണാനായി ഷംനയുടെ വീട്ടിലെത്തിയ സംഘത്തില്‍ അന്‍വറിന്റെ അമ്മവേഷമണിഞ്ഞത് വാടാനപ്പള്ളിക്കാരിയായ വീട്ടമ്മ. ഷംന കാസിം ബ്ലാക്‌മെയില്‍ കേസിന്റെ ചുരുളഴിയുമ്പോള്‍ എല്ലാം ഡ്യൂപ്പുകളുടെ കളി .

കാസര്‍ഗോഡ് സ്വദേശിയായ യാസിറിന്റെ ചിത്രം ടിക്‌ടോക്കില്‍നിന്നു സംഘടിപ്പിച്ചാണ് പ്രതികള്‍ ഷംനയ്ക്കു വിവാഹാലോചനയുമായി ചെന്നത്. ടിക്‌ടോക് ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഈ ടിക്‌ടോക് താരം ആരാണെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. ചോദ്യംചെയ്യാനായി ഇന്നലെ പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് യാസിറിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ദുബായില്‍ ഷൂസിന്റെ മൊത്തവ്യാപാരിയായ യാസിര്‍ നാലുമാസം മുമ്പാണു കാസര്‍ഗോട്ടെ വീട്ടിലെത്തിയത്. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നു യാസിര്‍ പറഞ്ഞു. ടിക്‌ടോക്കില്‍ താന്‍ താരമൊന്നുമല്ലെന്നും വല്ലപ്പോഴുമേ അതില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നുള്ളൂ എന്നും യാസിര്‍ പോലീസിനോടു പറഞ്ഞു. കോട്ടയം സ്വദേശിയായ രാജുവാണ് സിനിമാ നിര്‍മാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നു പോലീസ് പറയുന്നു. കോട്ടയത്തെ പന്തല്‍ പണിക്കാരനാണെന്നാണു സൂചന. ഷംനയുടെ മൊഴിയില്‍ നിന്നാണ് ഇയാള്‍ വീട്ടില്‍ എത്തിയതായി അറിഞ്ഞത്.

‘വരന്റെ’ ഉമ്മ സുഹറയായി അഭിനയിച്ച വാടാനപ്പള്ളി സ്വദേശിനിയെ പോലീസ് ഉടന്‍ ചോദ്യംചെയ്യും. നടിയെ ഫോണില്‍ വിളിച്ചു പരിചയപ്പെട്ട റഫീഖ് പെണ്ണുകാണാനായി ഷംനയുടെ വീട്ടിലേക്കയച്ച സംഘത്തിലായിരുന്നു ഇവര്‍ക്കു റോള്‍ നല്‍കിയത്. മകന്‍ ദുബായിലെ വലിയ വ്യവസായിയാണെന്നു ഷംനയോടു പറഞ്ഞ ഇവര്‍ മുഖ്യപ്രതികളിലൊരാളുടെ ഭാര്യയാണെന്നാണു സൂചന. ഇവരുടെ അറസ്റ്റിനും സാധ്യതയുണ്ട്. അതിനിടെ, റഫീഖ് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇവരെ കോവിഡ് ഡിറ്റെന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ക്കു നഷ്ടമായ സ്വര്‍ണത്തെക്കുറിച്ച് വ്യാഴാഴ്ച അറസ്റ്റിലായ ഷമീലില്‍നിന്നു പോലീസിന് ഏകദേശ ധാരണ ലഭിച്ചതായാണു വിവരം. ഇതു കണ്ടെത്താന്‍ ശ്രമം തുടങ്ങി. തട്ടിപ്പുസംഘം ചതിച്ച കൂടുതല്‍ പെണ്‍കുട്ടികളുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഒളിവിലുള്ള ചില പ്രതികള്‍ക്കായി പോലീസ് കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തെരച്ചില്‍ നടത്തും. കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിര്‍മാതാവിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു.
വിവാഹത്തട്ടിപ്പു കേസിലെ പ്രതികള്‍ വീടു സന്ദര്‍ശിച്ചതിനു പിന്നാലെ ഈ നിര്‍മാതാവ് വീട്ടിലെത്തിയതായി ഷംനയുടെ മൊഴിയിലുണ്ട്. ഇദ്ദേഹം ഗള്‍ഫില്‍നിന്ന് ഒരു സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് എത്തിയതെന്നാണു പറഞ്ഞത്. തട്ടിപ്പുസംഘത്തിനു വേണ്ടിയായിരിക്കാം ഇയാള്‍ ഷംനയുടെ വീട്ടിലെത്തിയതെന്നു സംശയിക്കുന്ന സാഹചര്യത്തിലാണു ചോദ്യംചെയ്യുന്നത്.

follow us pathramonlie

pathram:
Leave a Comment