കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്കുവന്ന യുവാവിന് ആഘോഷ സ്വീകരണം; പൊലീസില്‍ പരാതി

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവാവിന് ജന്മനാട്ടില്‍ ആഘോഷകരമായ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ച മടക്കര സ്വദേശിയായ യുവാവിനാണ് സുഹൃത്തുക്കള്‍ സ്വീകരണം നല്‍കിയത്.

യുവാവിനെ നാട്ടിലേക്ക് വരവേല്‍ക്കുന്ന പരിപാടി സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് അധികൃതര്‍ സംഭവം അറിഞ്ഞത്. മുംബൈയില്‍ നിന്ന് ജില്ലയിലെത്തിയ ഈ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആദ്യ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് 7 ദിവസത്തെ ക്വാറന്റീനില്‍ കഴിയാന്‍ ഇയാളെ ആംബുലന്‍സില്‍ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നുവെത്രെ.

യുവാവ് വരുന്ന വിവരമറിഞ്ഞ് തടിച്ച് കുടിയ ഒരുസംഘം യുവാക്കള്‍ ആഘോഷപരമായി ജന്മനാടിന്റെ വരവേല്‍പ് എന്ന രീതിയില്‍ കൈകള്‍ കൊട്ടിയും കൈപിടിച്ചും യുവാവിനെ പാട്ടിന്റെ അകമ്പടിയോടെ സ്വീകരിക്കുന്ന വിഡിയോ ആണ് പ്രചരിച്ചത്.

കോവിഡ്19 ന്റെ സാഹചര്യത്തില്‍ നടപ്പിലാക്കുന്ന എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ എത്തിയ യുവാവിനെ സ്വീകരിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചെറുവത്തൂര്‍ ഗവ.ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഡി.ജി രമേശിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment