വിവരങ്ങള്‍ ചോര്‍ത്താന്‍ മാല്‍വേര്‍; ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് ആവശ്യം

മുംബൈ: ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ടിക് ടോക്കില്‍ മാല്‍വേര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കര്‍ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

ആപ്പിള്‍ഫോണിന്റെ ഐ.ഒ.എസ്. 14 ബീറ്റ വേര്‍ഷനില്‍ ടിക് ടോക്ക് ഉപഭോക്താക്കളുടെ ക്ലിപ് ബോര്‍ഡിലെ വിവരങ്ങള്‍ ടിക് ടോക് തുടര്‍ച്ചയായി റീഡ്‌ചെയ്യുന്നത് കണ്ടെത്തിയതാണ് ആരോപണം ശക്തമാകാന്‍ കാരണമായിരിക്കുന്നത്.

ടിക് ടോക്കിന് സുരക്ഷാ-സ്വകാര്യതാ തലത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ഇവര്‍ പറയുന്നു. കുട്ടികളെയും യുവാക്കളെയും നിരീക്ഷിച്ച് അവരുടെ വ്യാപാര-വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങള്‍ വിശകലനംചെയ്യാന്‍ ചൈനയ്ക്ക് കന്പനി അവസരമൊരുക്കുകയാണെന്നാണ് മറ്റൊരു ആരോപണം.

ജൂണ്‍ 15, 16 തീയതികളായി ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്.

മൊബൈല്‍ ആപ്പ് വിശകലന കമ്പനിയായ സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ടിക് ടോക്കിന് മേയില്‍ 11.2 കോടി ഡൗണ്‍ലോഡാണ് ലഭിച്ചത്. ഇതില്‍ വലിയൊരുഭാഗം ഇന്ത്യയില്‍നിന്നായിരുന്നു. അമേരിക്കയില്‍നിന്നുള്ള ഡൗണ്‍ലോഡിങ്ങിന്റെ ഇരട്ടിയിലധികമാണ് ഇന്ത്യയില്‍നിന്നുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കൊറോണ മഹാമാരിക്കിടെ ചൈനയില്‍നിന്നുള്ള നിക്ഷേപകരുടെയും വ്യാപാരികളുടെയും ഇന്ത്യന്‍വിപണിയിലുള്ള ആത്മവിശ്വാസം കെടുത്തുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Leave a Comment