സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികള്‍ മാറ്റുന്നു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികള്‍ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകള്‍ കുറച്ച് ആന്റിജന്‍, ക്ലിയ ടെസ്റ്റുകള്‍ വ്യാപിപ്പിക്കും. ആന്റിജന്‍ പരിശോധനകള്‍ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആര്‍ടി പിസിആര്‍ ടെസ്റ്റ് തുടരും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ട്രൂനാറ്റ്, എക്‌സ്പര്‍ട്ട് പരിശോധനകളും തുടരും

സമ്പര്‍ക്കവ്യാപനം അറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയ്ക്ക് ആര്‍ടി പിസിആറിനു പകരം ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കും. വിമാനത്താവളങ്ങളില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ആന്റിബോഡി ടെസ്റ്റിനുശേഷം നടത്തുന്ന ആര്‍ടി പിസിആറിനു പകരവും ക്ലസ്റ്റര്‍ പരിശോധനകളില്‍ ക്ലിയയ്ക്കു പകരവും ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കും

സമൂഹവ്യാപനമുണ്ടോ എന്നറിയാനുള്ള സിറോ സര്‍വൈലന്‍സിനു റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു പകരം ക്ലിയ ഉപയോഗിക്കും. രോഗസ്രോതസ്സ് കണ്ടെത്താനുള്ള എപ്പിഡെമിയോളജിക്കല്‍ പഠനത്തിന് ആര്‍ടി പിസിആറിനു പകരവും ക്ലിയ പരിശോധനയാകും നടത്തുക.

ആന്റിജന്‍ ടെസ്റ്റ്: സ്രവ പരിശോധനയിലൂടെ 30 മിനിറ്റില്‍ ഫലം. ചെലവ് 450 രൂപ. എന്നാല്‍ കൃത്യത കുറവ്

ക്ലിയ ടെസ്റ്റ്: എലിസ ടെസ്റ്റിന്റെ വകഭേദം. രക്തപരിശോധനയിലൂടെ ആന്റിബോഡി സാന്നിധ്യം അറിയാം. റാപ്പിഡ് ആന്റിബോഡി ടെസ്റ്റില്‍ സ്ട്രിപ് പരിശോധനയാണെങ്കില്‍ ക്ലിയ സാംപിള്‍ ലാബിലാണു പരിശോധിക്കുന്നത്. ചെലവ് ഏകദേശം 500 രൂപ.

follow us pathramonline

pathram:
Related Post
Leave a Comment