ഇന്ത്യ-ചൈന അതിര്‍ത്തിയായ ലാഡാക്കില്‍ അപ്രിതീക്ഷിത സന്ദര്‍ശനം നടത്തി മോദി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്.

ലഡാക്കിലെ നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്. അതിരാവിലെ അവിടെയെത്തിയ അദ്ദേഹം കരസേന, വ്യോമസേന, ഐടിബിപി സേനകളുമായി സംവദിക്കുകയാണ്. ലഫ്.ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് നിമു. അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കുകയും ചെയ്യും

ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണ്. അതിര്‍ത്തിയിലെ ഏഴ് സ്ഥലങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സേനാവിന്യാസമുണ്ട്. വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പാംഗോങ് ഒഴികെയുള്ള 6 സ്ഥലങ്ങളില്‍നിന്നു ഘട്ടങ്ങളായുള്ള പിന്മാറ്റത്തിനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment