പെണ്‍കുട്ടികള്‍ക്കൊപ്പം മോശം ദൃശ്യങ്ങളെടുത്ത് വന്‍തുക ആവശ്യപ്പെടും; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ 20 അംഗ സംഘം ദുബായില്‍ പിടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്–സൂക്ഷിക്കുക, പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലവീശിയിരിപ്പുണ്ട്. പലതരം സൈബര്‍ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കന്‍ സംഘത്തെ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി.കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി ഇക്കാര്യം അറിയിച്ചത്.

ഓപറേഷന്‍ ഷാഡോ വഴിയാണ് സംഘത്തെയും മറ്റൊരു കേസില്‍ ദമ്പതികളെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുണ്ടാക്കി സമൂഹ മാധ്യമങ്ങള്‍ വഴി വീട്ടുജോലി ആവശ്യമുള്ളവരില്‍ നിന്ന് ദമ്പതികള്‍ പണം പിടുങ്ങുകയായിരുന്നു. സിെഎഡി ജനറല്‍ വിഭാഗത്തിന്റെ അക്ഷീണ പ്രയത്‌നവും കൃത്യതയാര്‍ന്ന പ്രവര്‍ത്തനവും മൂലമാണ് സമൂഹത്തിന് തന്നെ ഭീഷണിയായ സംഘത്തെ പിടികൂടാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് പൊലീസിന്റെ ഓപ്പറേഷന്‍ ഷാഡോ ടീം നടത്തിയ നീക്കമാണ് ആഫ്രിക്കന്‍ സംഘത്തെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആഫ്രിക്കന്‍ സംഘം തട്ടിപ്പു നടത്തുന്നതായി ലഭിച്ച വിവരമനുസരിച്ച് ആസൂത്രിതമായി നീക്കം നടത്തുകയായിരുന്നുവെന്ന് ദുബായ് പൊലീസ് സിെഎഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു.

പെണ്‍കുട്ടികളുടെ പടങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തു പ്രലോഭിപ്പിച്ചും ഇ–മെയില്‍ അയച്ചുമായിരുന്നു തട്ടിപ്പ്. ഇവര്‍ നല്‍കുന്ന മേല്‍വിലാസ പ്രകാരം ചെന്നാല്‍ പടത്തില്‍ കണ്ടതല്ലാത്ത സ്ത്രീകളായിരുന്നു സ്വീകരിച്ചിരുന്നത്. ഇതോടെ താന്‍ തട്ടിപ്പിനിരയായതായി മനസിലാകുമെങ്കിലും രക്ഷപ്പെടാന്‍ കഴിയില്ല. തുടര്‍ന്ന് ഇരകളെ ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ കൈക്കലാക്കും. പെണ്‍കുട്ടികളുടെ കൂടെ മോശമായ രീതിയില്‍ ചിത്രങ്ങളും വിഡിയോയുമെടുത്ത ശേഷമാണ് വിലപിടിപ്പുള്ളതല്ലാം ആവശ്യപ്പെടുക. പൊലീസിനെയോ മറ്റോ ഇക്കാര്യം അറിയിച്ചാല്‍ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി. ഇത് ഭയന്ന് മൊബൈല്‍ ഫോണ്‍ പാസ് കോഡുകളും ക്രെഡിറ്റ് കാര്‍ഡ് സെക്യുരിറ്റി പിന്നുകളും കൈമാറാന്‍ നിര്‍ബന്ധിതരാകുന്നു–അല്‍ ജല്ലാഫ് പറഞ്ഞു.

10 സ്ത്രീകളെയടക്കം 47 ആഫ്രിക്കക്കാരെ നിരീക്ഷണ വിധേയമാക്കിയാണ് ദുബായില്‍ നിന്നും അയല്‍ എമിറേറ്റുകളില്‍ നിന്നും 20 പേരെ അറസ്റ്റ് ചെയ്തത്. വാടക ഫ്‌ലാറ്റില്‍ നേരിട്ട് ചെന്നായിരുന്നു അറസ്‌റ്റെന്ന് സിഐഡി തലവന്‍ ലഫ്. കേണല്‍ അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment