ആന്തരികാവയവ പരിശോധനയില്‍ നിര്‍ണായകവിവരങ്ങള്‍ കണ്ടെത്തിയതായി പോലീസ്

കൊല്ലം: പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി പോലീസിനു നിര്‍ണായക വിവരം ലഭിച്ചു.
പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെയും സാന്നിധ്യമുണ്ടെന്നാണ് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നതിനു മുമ്പ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയതായി ഭര്‍ത്താവും പ്രതിയുമായ സൂരജ് നേരത്തെ പോലീസിനു മൊഴി നല്‍കിയിരുന്നു.

650 മില്ലി ഗ്രാമുള്ള പത്തോളം പാരസെറ്റമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ചു പഴച്ചാറില്‍ കലക്കി നല്‍കിയെന്നാണ് സൂരജിന്റെ മൊഴി. മൊഴി സ്ഥിരീകരിക്കുന്നതാണ് ലാബ് റിപ്പോര്‍ട്ട്.
അതിനിടെ, അടൂരിലെ എ.ടി.എം. കൗണ്ടറില്‍നിന്നു സൂരജ് 10,000 രൂപ പിന്‍വലിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മൂര്‍ഖന്‍ പാമ്പിനെ വാങ്ങുന്നതിനു പാമ്പു പിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷിനു നല്‍കാനായി പണമെടുത്തശേഷം ഏനാത്ത് പാലത്തിനു സമീപത്തെത്തി സുരേഷില്‍നിന്നു പാമ്പിനെ വാങ്ങിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

സൂരജിന്റെ പിതാവും മൂന്നാം പ്രതിയുമായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, കേസില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

pathram:
Related Post
Leave a Comment