ഒരു തവണ കൊവിഡ് നെഗറ്റീവായാല്‍ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റും; സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ തീരുമാനം

ഡോക്ടേഴ്സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവൻ ബലികൊടുത്താണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചു. എന്നാൽ സമ്പർക്കവും മരണവും വലുതായി വർധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും- മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോകോളില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും.

ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും നേരത്തെതന്നെ ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍, ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നില്ല. എന്നാല്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്താനാണ് പുതിയ തീരുമാനം.

പല വിഭാഗങ്ങളായി തിരിച്ചാവും കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനയ്ക്ക് വിധേയരാക്കും. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ അപ്പോള്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് ദിവസംകൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ രോഗലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.

കോവിഡിനൊപ്പം മറ്റുരോഗങ്ങള്‍ ഉള്ളവരെ പതിനാലാം ദിവസമാകും പരിശോധനയ്ക്ക് വിധേയരാക്കുക. ഫലം നെഗറ്റീവായാല്‍ മറ്റു രോഗാവസ്ഥകള്‍കൂടി പരിഗണിച്ചശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനമെടുക്കും. ഡിസ്ചാര്‍ജിനു ശേഷം 14 ദിവസം ക്വാറന്റീനെന്ന നിബന്ധന ഒഴിവാക്കി. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പര്‍ക്കങ്ങളും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന ഡോക്ടർമാരാണ് ഈ ദിനത്തിൽ ആദരിക്കപ്പെടുന്നത്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും ഡോക്ടർമാർക്ക് അവകാശപ്പെട്ടതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ ഡോക്ടർമാർ കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും പല ലോകരാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

pathram desk 2:
Related Post
Leave a Comment