വീണ്ടും വൈറസോ? ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍

ന്യൂഡല്‍ഹി: വന്‍ പകര്‍ച്ചവ്യാധിയായേക്കാവുന്ന പുതിയ തരം എച്ച്1എന്‍1 ചൈനയില്‍ പടരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ചൈനയില്‍നിന്ന് ഉദ്ഭവിച്ച കോവിഡ് 19 സൃഷ്ടിച്ച കെടുതികളില്‍നിന്ന് മോചനം നേടാന്‍ ലോകം ഇപ്പോഴും ബുദ്ധിമുട്ടുമ്പോഴാണ് അവര്‍ പുതിയ വൈറസുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. പുതിയ വൈറസ് പടരുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്താ ഏജന്‍സിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഹര്‍ഭജന്റെ വിമര്‍ശനം.

‘കോവിഡ് 19 സൃഷ്ടിച്ച കെടുതികളില്‍നിന്ന് രക്ഷപ്പെടാന്‍ ലോകം പോരാട്ടം തുടരുന്നതിനിടെ അവരിതാ, നമുക്കായി പുതിയ വൈറസ് തയാറാക്കിയിരിക്കുന്നു’ ഹര്‍ഭജന്‍ കുറിച്ചു. നേരത്തെ, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു.

വന്‍ പകര്‍ച്ചവ്യാധിയായേക്കാവുന്ന പുതിയ തരം വൈറസ് പടരുന്നതായി യുഎസ് ജേണല്‍ പിഎന്‍എഎസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009 ലുണ്ടായ എച്ച്1എന്‍1 ന്റെ വകഭേദത്തിന് ജി4 എന്നാണു പേരിട്ടിരിക്കുന്നത്. മനുഷ്യനിലേക്ക് എളുപ്പം പകരാവുന്നവയാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

2011 18 ല്‍ ചൈനയിലെ വിവിധ ഇടങ്ങളില്‍ പന്നികളില്‍നിന്നു സ്രവം ശേഖരിച്ചു നടത്തിയ പരിശോധനയില്‍ 178 ഇനം വൈറസുകളെ കണ്ടെത്തി. സാധാരണമായി ശരീരം പ്രതിരോധിക്കുന്നവയല്ല ഇവ. വൈറസ് മനുഷ്യരിലെത്തിയിട്ടുണ്ടാകാമെന്നും പന്നികളുമായി ഇടപെടുന്നവരെ ഉടന്‍ പരിശോധിക്കണമെന്നും ജേണല്‍ ആവശ്യപ്പെടുന്നു.

pathram:
Related Post
Leave a Comment