മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്ത അതിഥിത്തൊഴിലാളി പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാട്ടുകാരെയും വലച്ചു. അംജദ് ഖാന്‍ എന്ന അസം സ്വദേശിയുമായി ബന്ധപ്പെട്ടാണ് രാവിലെ പത്തരയോടെയാണ് സംഭവം തുടങ്ങുന്നത്. മാസ്‌ക് ധരിക്കാതെ ഇയാള്‍ എസ്ബിഐക്ക് സമീപം എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതു കേള്‍ക്കാതെ അവിടെ തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.
പൊലീസ് എത്തി മാസ്‌ക് നല്‍കിയെങ്കിലും ഇയാള്‍ വാങ്ങിയില്ല. മാസ്‌ക് ധരിക്കില്ലെന്ന വാശിയിലായിരുന്നു അംജദ് ഖാന്‍. ഇതുവരെ മാസ്‌ക് വച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കില്ലെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. ചളിക്കോട് ഭാഗത്താണ് അതിഥിത്തൊഴിലാളി താമസിക്കുന്നത്. വിവരം അറിഞ്ഞ് കെട്ടിട ഉടമ എത്തി മാസ്‌ക് ധരിക്കാന്‍ പറഞ്ഞെങ്കിലും ഇയാള്‍ കേട്ടില്ല. നാലു മണിക്കൂറോളം അധികൃതരും നാട്ടുകാരും ഇടപെട്ട് ഇയാളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മാസ്‌ക് ധരിക്കാത്തതിനാല്‍ ഇയാളെ ജോലിക്ക് കൊണ്ടുപോയിരുന്നയാള്‍ ഇപ്പോള്‍ കൂടെ കൂട്ടാറില്ലെന്ന് പറയുന്നു. സര്‍ക്കാരിന്റെ കോവിഡ് സെല്ലിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. മാസ്‌ക് ധരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അംജദ് ഖാനോട് നടന്നു മുറിയിലേക്ക് മടങ്ങാനും അവിടം വരെ കെട്ടിട ഉടമയോട് സ്‌കൂട്ടറില്‍ ഇയാളെ പിന്തുടരാനും നിര്‍ദേശം നല്‍കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും മടങ്ങി.
FOLLOW US: pathram online
Leave a Comment