തന്ത്രപരമായ നീക്കവുമായി ഇന്ത്യ; ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം നിര്‍മിച്ച നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരും

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി അധികാരം നിലനിര്‍ത്താനുള്ള പെടാപാടില്‍. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉയരുന്ന കടുത്ത വിമര്‍ശനമാണ് ഒലിക്കു തലവേദനയായിരിക്കുന്നത്.

പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിരാളി പി.കെ.ദഹല്‍ (പ്രചണ്ഡ), ഒലിക്കെതിരെ ശക്തമായി നിലകൊള്ളുകയാണ്. നേപ്പാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒലിയോട് ഇതിനകം തന്നെ രാജി ആവശ്യപ്പെട്ടിട്ടുമുണ്ട്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെക്കുറിച്ചും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു കടുത്ത വിമര്‍ശനമാണ് ഒലിക്കെതിരെ ഉണ്ടാകുന്നത്. നേപ്പാളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഒലി സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. അതേസമയം, സ്ഥിതിഗതികള്‍ അതീവസൂക്ഷ്മമായി നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ തന്ത്രപരമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

കഴിഞ്ഞ ദിവസം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയായി തുടരാന്‍ ഒലി ചെയ്ത പ്രവൃത്തികളെക്കുറിച്ചു പ്രചണ്ഡ വെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍ അനുകരിക്കുകയാണ് ഒലിയെന്നും വിമര്‍ശനമുണ്ടായി. അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞു. കമ്മിറ്റിയില്‍ ഒലിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നേക്കാം.

FOLLOW US: pathram online

pathram:
Leave a Comment