നടിയെ ആക്രമിച്ച കേസ്: ആക്രമണമുണ്ടായ റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകന്റെ ഡമ്മി യാത്ര, 41 കിലോമീറ്റര്‍ ദൂരം; 9 പോലീസ് എയ്ഡ് പോസ്റ്റുകള്‍, 15 സിഗ്‌നല്‍ പോയിന്റുകളും, ക്രോസ് വിസ്താരം നാളെ ആരംഭിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ക്രോസ് വിസ്താരം നടത്താനിരിക്കെ, ആക്രമണമുണ്ടായതായി പറയപ്പെടുന്ന റൂട്ടുകളിലൂടെ പ്രതിഭാഗം അഭിഭാഷകര്‍ ഡമ്മി യാത്ര നടത്തി. നടിയുടെ വാദമുഖങ്ങള്‍ക്കെതിരായ ക്രോസ് വിസ്താരം നാളെ വിചാരണക്കോടതിയില്‍ നടക്കാനിരിക്കെയാണിത്.

തൃശൂര്‍ മുതല്‍ നടി ആക്രമണത്തിനുശേഷം അഭയം തേടിയ സംവിധായകന്റെ എറണാകുളത്തെ വസതിവരെ സംഭവസമയവും വാഹനവേഗവും കണക്കാക്കിയാണ് അഭിഭാഷകര്‍ ശനിയാഴ്ച നിരീക്ഷണ ഓട്ടം നടത്തിയത്. പീഡനത്തിനു പ്രതികള്‍ തെരഞ്ഞെടുത്ത തരം എസ്.യു.വി. മഹീന്ദ്ര വാഹനത്തിലായിരുന്നു അഭിഭാഷകരുടെ സഞ്ചാരം.

ദേശീയപാതയില്‍ പാലിയേക്കര ടോള്‍ വഴി അത്താണിയിലെത്തിയപ്പോള്‍ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചു രണ്ടുപേര്‍ അകത്തുകയറി നടിയെ ബന്തവസാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്ന് അത്താണിയില്‍നിന്ന് അക്രമികള്‍ സഞ്ചരിച്ച ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, തൃപ്പൂണിത്തുറ, കാക്കനാട് റൂട്ടിലെ ചിത്രപ്പുഴ എന്നിവിടങ്ങളില്‍ പോയി.

അത്താണി മുതല്‍ നടി രക്ഷപ്പെട്ടതെന്നു പറയുന്ന സ്ഥലം വരെയുള്ള ദൂരം 41 കിലോമീറ്ററാണ്. ഈ രണ്ടു പോയിന്റുകള്‍ക്കിടെ ഒന്‍പതു പോലീസ് എയ്ഡ് പോസ്റ്റുകളുണ്ട്, 15 സിഗ്‌നല്‍ പോയിന്റുകളും. കാക്കനാട് ഒരു ഹോട്ടലിനു മുമ്പില്‍ വണ്ടിനിര്‍ത്തി പ്രതികള്‍ വെള്ളം വാങ്ങാന്‍ പോയതായും വാദിഭാഗം പറഞ്ഞിരുന്നു. ഇതിനിടെ പലയിടങ്ങളിലായി ആറിടത്തു വാഹനം നിര്‍ത്തിയിട്ടുണ്ട്. ഇത്രയും അവസരങ്ങള്‍ ലഭിച്ചിട്ടും ഈ സമയത്തൊന്നും നടി വാഹനത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായി തെളിവില്ലെന്നു ബോധ്യപ്പെടുത്തുകയാണ് അഭിഭാഷകസംഘത്തിന്റെ ലക്ഷ്യം.

2017 ഫെബ്രുവരി 17നാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തെന്ന കേസിന്റെ ഉത്ഭവം. നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളുള്ള കേസിന്റെ വിചാരണ നടപടികള്‍ അഡീഷണല്‍ സ്പെഷല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. ദൃശ്യങ്ങളുടെ ഉള്ളടക്കത്തില്‍നിന്നു ശബ്ദം വേര്‍തിരിച്ചു ലഭ്യമാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലിരിക്കെയാണു പ്രതിഭാഗത്തിന്റെ പുതിയ നീക്കം

pathram:
Leave a Comment