പാക്കിസ്ഥാനെക്കാള്‍ അപകടകാരിയായ ശത്രു ചൈന; യുദ്ധ സന്നാഹങ്ങള്‍ ചൈനയ്‌ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം

FILE PHOTO: A view shows a new S-400 "Triumph" surface-to-air missile system after its deployment at a military base outside the town of Gvardeysk near Kaliningrad, Russia March 11, 2019. REUTERS/Vitaly Nevar/File Photo

ന്യൂഡല്‍ഹി : വ്യോമസേനയ്ക്കായി സമീപഭാവിയില്‍ വാങ്ങുന്ന സന്നാഹങ്ങള്‍ ചൈനയ്‌ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ എസ് 400 മിസൈല്‍, ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റര്‍ എന്നിവയില്‍ ഭൂരിഭാഗവും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാനെക്കാള്‍ അപകടകാരിയായ ശത്രു ചൈനയാണെന്നു വിലയിരുത്തിയാണു നടപടി. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഭീഷണി ഫലപ്രദമായി നേരിടുകയാണു ലക്ഷ്യമെങ്കിലും കൂടുതല്‍ ഊന്നല്‍ ചൈനയ്ക്കു നല്‍കും.

ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ മിസൈല്‍ എന്ന പെരുമയുള്ള റഷ്യയുടെ എസ് 400 ട്രയംഫിന്റെ 3 യൂണിറ്റുകള്‍ ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥാപിക്കും. രണ്ടെണ്ണം പാക്കിസ്ഥാനെതിരെ സ്ഥാപിക്കും. ആകാശ് മിസൈലിന്റെ 6 യൂണിറ്റുകളാണ് നിലവില്‍ ചൈനീസ് അതിര്‍ത്തിയിലുള്ളത്.

യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്ററുകള്‍ക്കായി അസമിലെ ജോര്‍ഹാട്ടില്‍ താവളമൊരുക്കും. ഇതിനായി 137-ാം ഹെലികോപ്റ്റര്‍ സ്‌ക്വാഡ്രണ്‍ സജ്ജമാക്കും. നിലവിലെ താവളമായ പഞ്ചാബിലെ പഠാന്‍കോട്ടിലും ജോര്‍ഹാട്ടിലും 11 വീതം അപ്പാച്ചികള്‍ നിലയുറപ്പിക്കും.

ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാല, ബംഗാളിലെ ഹസിമാര എന്നിവിടങ്ങളില്‍ നിലയുറപ്പിക്കും. രണ്ടിടത്തും 18 വീതം.

അംബാല, പഠാന്‍കോട്ട് താവളങ്ങള്‍ പാക്ക്, ചൈന അതിര്‍ത്തികളില്‍ ഒരേസമയം സുരക്ഷയൊരുക്കും. ജോര്‍ഹാട്ട്, ഹസിമാര എന്നിവ ചൈനയെ ലക്ഷ്യമിട്ടു മാത്രമുള്ളവയാണ്.

pathram:
Related Post
Leave a Comment