ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് ആയോധനകലയില്‍ ചൈനയുടെ പരിശീലനം. തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ള ഘാതക് കമാന്‍ഡോകളെ സംഘര്‍ഷബാധിത മേഖലകളില്‍ നിയോഗിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലുടനീളം മിസൈല്‍, യുദ്ധവിമാന സന്നാഹങ്ങള്‍ അണിനിരത്തിയതിനു പുറമേയാണ്, പതിവുവിട്ട യുദ്ധമുറകള്‍ക്കും ഇരു സേനകളും തയാറെടുക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
ആയോധനകലയില്‍ പ്രത്യേക പരിശീലനം നല്‍കാനുള്ള സംഘത്തെ ടിബറ്റിലെത്തിച്ചതായി മേഖല ഡപ്യൂട്ടി കമാന്‍ഡര്‍ ലഫ്. ജനറല്‍ വാങ് ഹയ്ജിയാങ്ങിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗല്‍വാന്‍ താഴ്‌വരയില്‍ ഇരു സേനകളും ഏറ്റുമുട്ടിയതിന്റെ തലേന്നാണു പരിശീലന സംഘത്തെ അതിര്‍ത്തിയിലെത്തിച്ചത്. ദ്രുതഗതിയിലുള്ള പ്രതികരണങ്ങള്‍ക്കു സൈനികരെ സജ്ജരാക്കാന്‍ ആയോധനകല ഉപകരിക്കുമെന്നും ഹയ്ജിയാങ് പറഞ്ഞു.
ഇതിനു പ്രതിരോധം തീര്‍ക്കാനാണു കമാന്‍ഡോ സംഘത്തെ ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഗല്‍വാന്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ സേനാംഗങ്ങള്‍ക്കൊപ്പം കമാന്‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ വിവിധ സേനാ ബറ്റാലിയനുകള്‍ക്കു കീഴിലുള്ള പ്ലറ്റൂണുകളിലെ കമാന്‍ഡോ സംഘമാണിത്.
അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാല്‍ ഏത് ആയുധവുമുപയോഗിക്കാന്‍ ഇന്ത്യന്‍ സേനയ്ക്കു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിലാണു തോക്ക് ഉപയോഗിക്കുകയെന്നും അതിര്‍ത്തിയില്‍ പതിവുള്ള കയ്യാങ്കളിയില്‍ എതിരാളിയെ ഉശിരോടെ നേരിടാനാണ് സൈനികര്‍ക്കു തുണയായി കമാന്‍ഡോകളെ എത്തിച്ചതെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.
Leave a Comment