ആശങ്കയില്‍ മലപ്പുറം; നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും

മലപ്പുറം ജില്ലയിൽ ആശങ്ക. നാല് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ ആക്കാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകൾ അടച്ചിടാനും ശുപാർശയുണ്ട്. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം കളക്ടർ കെ ഗോപാലകൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

വട്ടകുളം, എടപ്പാൾ, മാറഞ്ചേരി, ആലംകോട് എന്നിവിടങ്ങളിൽ കനത്ത ജാഗ്രത പുലർത്താനാണ് നിർദേശം. അവശ്യ സർവീസുകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊതുസ്ഥലങ്ങളിലും അണുനശീകരണം നടത്തും. പൊന്നാനി മുൻസിപ്പാലിറ്റിയിലെ ചില വാർഡുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അഞ്ച് മേഖലകളിൽ നിന്ന് 1000 സാമ്പിളുകൾ ശേഖരിച്ച് ഉടൻ കൊവിഡ് പരിശോധന നടത്തും. വിവാഹ മരണാനന്തര ചടങ്ങുകളിൽ 20 ആളുകൾ മാത്രമേ പങ്കെടുക്കാവൂ എന്നും നിർദേശമുണ്ട്.

മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്നു നഴ്‌സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കിവരികയാണ്.

follow us: pathram online latest news

pathram:
Leave a Comment