തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് രോഗി ജീവിതത്തിലേക്ക് തിരികെ എത്തി. കഴിഞ്ഞ ദിവസമാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കോവിഡ് ഭേദമായി പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീന്‍ ബാഖവി വീട്ടിലേക്ക് മടങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്ലാസ്മ തെറാപ്പിയിലൂടെയാണ് സൈനുദ്ദീന്‍ രോഗമുക്തനായത്. പ്ലാസ്മ നല്‍കിയത് മലപ്പുറം എടപ്പാള്‍ സ്വദേശി വിനീതും.
ഇതോടെ കേരളത്തില്‍ പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ആദ്യ കോവിഡ് ബാധിതനാകുകയാണ് സൈനുദ്ദീന്‍. മസ്‌കത്തിലായിരുന്ന സൈനുദ്ദീന്‍ ജൂണ്‍ ആറിനാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിശോധനയില്‍ ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ കോവിഡ് 19 സ്രവപരിശോധന നടത്തുകയും ഓക്സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, സൈനുദ്ദീന്റെ ആരോഗ്യനില പിന്നീട് മോശമാവുയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതമുള്ളതായി കണ്ടെത്തി. തുടര്‍ന്നായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരമുള്ള പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്. രോഗം ഭേദമായെങ്കിലും 14 ദിവസത്തേക്ക് വളരെ ശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Leave a Comment