ഷംനാ കാസിം കേസ്: അന്വേഷണം നിര്‍മാതാവിലേക്ക്, നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും

കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണം സിനിമാ നിര്‍മാതാവിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിവാഹാലോചനയ്ക്കെന്നപേരില്‍ എത്തി ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിന്റെ സഹോദരനാണ് നിര്‍മ്മാതാവ്. ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് ഈ നിര്‍മാതാവില്‍നിന്നാണ്.

തുടര്‍ച്ചയായി വിദേശയാത്ര നടത്തുന്ന റഫീഖിന്റെ സഹോദരനാണ് ഈ നിര്‍മാതാവാണെന്നും ഷംനയുടെ ഫോണ്‍നമ്പര്‍ കൈമാറിയതെന്നും ഷംനയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണസംഘം പറയുന്നു. നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും. ഷംനയ്ക്കു പിന്നാലെ മോഡലിങ് രംഗത്തുള്ള മറ്റു ചില യുവതികള്‍ കൂടി ഈ സംഘത്തിനെതിരേ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. സ്വര്‍ണക്കടത്തിനും ഹവാല ഇടപാടുകള്‍ക്കും തങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

റഫീഖിന്റെ സഹോദരന്‍ മാസത്തില്‍ ആറുതവണയെങ്കിലും വിദേശയാത്ര നടത്തുന്നതായി പാസ്പോര്‍ട്ട് രേഖകളില്‍നിന്ന് വ്യക്തമാണ്. നിരന്തരം വിദേശയാത്ര നടത്തുന്നതിനിടെ സിനിമാ രംഗത്തുള്ളവരുമായുണ്ടായ അടുപ്പംവഴിയാണ് സംഘം ഷംനയിലേക്ക് എത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

ഷംനയ്ക്കു വിവാഹമാലോചിച്ച പയ്യനായി അന്‍വര്‍ അലിയെന്ന വ്യാജപ്പേരില്‍ റഫീഖിനെ ഷംനയ്ക്കു പരിചയപ്പെടുത്തിയതും ഈ സഹോദരനാണ്. കാസര്‍കോട്ടുള്ള പ്രമുഖ കുടുംബാംഗവും ജൂവലറി ഉടമയുമാണ് അന്‍വര്‍ അലി എന്നാണ് ഷംനയുടെ കുടുംബത്തെ ധരിപ്പിച്ചിരുന്നത്. വടക്കന്‍ കേരളത്തിലെ ചില സ്വര്‍ണ വ്യാപാരികള്‍ക്ക് കേസില്‍ പങ്കുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍ പെണ്‍കുട്ടികളെ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഡി.സി.പി. ജി. പൂങ്കുഴലി അറിയിച്ചു. ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തകരായ യുവതികളും റിസപ്ഷനിസ്റ്റുകളും ഇവരുടെ തട്ടിപ്പിന് വിധേയരായിട്ടുണ്ട്. ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ഡി.സി.പി. അറിയിച്ചു. നാളെ കൊച്ചിയിലെത്തി മൊഴിനല്‍കുമെന്ന് ഷംന പോലീസിനെ അറിയിച്ചിട്ടുണ്ട്.

follow us pathramonline

pathram:
Leave a Comment