വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയും ചൈന. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.

ഇന്ത്യന്‍ പ്രദേശത്തേക്ക് 8 കിലോമീറ്റര്‍ അതിക്രമിച്ചു കയറിയ ചൈന അവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എന്നാല്‍, അതു ഹെലിപാഡ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും സേനാ വൃത്തങ്ങള്‍ പറയുന്നു.

രണ്ടാം മലനിര (ഫിംഗര്‍ 2) വരെ കടന്നുകയറാനും ശ്രമമുണ്ട്. ശക്തമായ പ്രതിരോധം തീര്‍ത്ത് കരസേന, ഐടിബിപി സേനാംഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. നാലില്‍ നിന്ന് മൂന്നാം മലനിരയിലേക്കുള്ളത് ഒറ്റയടിപ്പാതയായതിനാല്‍ ചൈനയ്ക്ക് കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ സാധിക്കില്ലെന്നും പാംഗോങ് മേഖലയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ മുന്‍ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ (റിട്ട) എസ്. ഡിന്നി ചൂണ്ടിക്കാട്ടി. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ചുഷൂല്‍ മേഖലയിലും കടന്നുകയറ്റത്തിനു ചൈന ശ്രമിക്കുന്നുണ്ട്.

ഇതിനിടെ, ഹോട് സ്പ്രിങ്‌സ്, ഗല്‍വാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഏതാനും സേനാ വാഹനങ്ങള്‍ നീക്കി പിന്‍മാറ്റത്തിന്റെ നേരിയ സൂചന ചൈന നല്‍കി.

follow us pathramonline

pathram:
Leave a Comment