തീപിടിത്തത്തിന് കാരണമാകും ; ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാറുകളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ ചൂടുകാലത്ത് കാറുകളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ തീപിടിത്തത്തിന് കാരണമാകുമെന്നാണ് ബ്രിട്ടനിലെ ഫയര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും എന്‍എച്ച്എസ് പ്രോപ്പര്‍ട്ടി സര്‍വീസും മുന്നറിയിപ്പു നല്‍കുന്നത്. വരുംദിവസങ്ങളില്‍ ബ്രിട്ടനിലെ താപനില പലേടത്തും 35 ഡിഗ്രിവരെ ഇയരുമെന്നും ഉഷ്ണക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തിലാണ് സാനിറ്റൈസറുകള്‍ കാറില്‍ ഉപേക്ഷിച്ച് പോകരുതെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നത്. ചൂടത്ത് പാര്‍ക്കു ചെയ്യുന്ന കാറിനുള്ളില്‍ ക്രമാതീതമായി ഇയരുന്ന താപനില ആല്‍ക്കഹോളിനെ ആവിയാക്കും പിന്നീടുണ്ടാകുന്ന ചെറിയൊരു സ്പാര്‍ക്കുപോലും തീപിടുത്തതിന് കാരണമാകാം. അതിനാല്‍ സാനിറ്റൈസറുകള്‍ ഒരു കാരണവശാലും കാറില്‍ സൂക്ഷിക്കുകയോ മറന്നുവയ്ക്കുകയോ അരുത്.

ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ ബ്രിട്ടനില്‍. ഹീത്രൂ വിമാനത്താവളത്തില്‍ 31 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നു വൈകുന്നേരം ഉഷ്ണക്കാറ്റും തുടര്‍ന്ന് വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങളിലും തണ്ടര്‍‌സ്റ്റോമും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 1976ല്‍ രേഖപ്പെടുത്തിയ 35.6 ഡിഗ്രിയാണ് ഇതുവരെ ജൂണ്‍ മാസത്തില്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡ് താപനില. ഇക്കുറി ഇതിനെ കടത്തിവെട്ടുന്ന ചൂടുണ്ടാകുമെന്നാണ് പ്രവചനം.

ലോക്ഡൗണും കോവിഡ് പ്രോട്ടോക്കോളും എല്ലാം മറന്ന് ആളുകള്‍ കൂട്ടത്തോടെ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ഇറങ്ങുന്ന കാഴ്ചയാണ് ബ്രിട്ടനിലെല്ലാം. ബീച്ചുകളെല്ലാം ഈച്ചക്കാലിന് ഇടയില്ലാതെ നിറയുന്ന സ്ഥിതിയാണ്. ബോണ്‍മൌത്ത്, ചെഷെയര്‍, ഡെര്‍ബിഷെയര്‍, ബ്രൈറ്റണ്‍, ബ്ലാക്ക്പൂള്‍, മാര്‍ഗേറ്റ്, ഹെരണ്‍ ബേ, സൗത്ത് എന്‍ഡ് തുടങ്ങിയ പ്രധാന ബീച്ചുകളെല്ലാം ജനനിബിഡമാണ്. ബ്രിട്ടനില്‍ ഇന്നലെ 154 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 43,081 ആയി. 653 പേര്‍ക്കാണ് പുതുതായി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment