രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു, രഹ്ന സ്ഥലത്തില്ലായിരുന്നു

കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. പനമ്പള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.

വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്‌സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് പറഞ്ഞു.

അതേസമയം, കേസിലെ പ്രതി രഹ്ന സ്ഥലത്തില്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവര്‍ കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലായതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും എത്തുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പൊലീസാണ് തന്റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. രഹ്നയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതില്‍ അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍. അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനം.

കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്. കേസുമായി ഒരു ബന്ധവുമില്ലാത്ത തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്‌ടോപ് വരെ പൊലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തില്‍ ഇത്ര നാളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്‌ടോപ് തിരികെത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു.

വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. നേരത്തെ തിരുവല്ല പൊലീസും രഹ്നയ്‌ക്കെതിരെ പോക്‌സോ ഐടി വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment