രാജ്യത്ത് കോവിഡ് രോഗികള്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ 16,922 രോഗികള്‍, 418 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ കോവിഡ് രോഗികള്‍. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഇന്നലെ മാത്രം 418 രോഗികള്‍ മരണത്തിനു കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ഇതില്‍ 1,86,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,71,697 പേര്‍ രോഗമുക്തരായി. ആകെ മരണം 14,894.

ബുധനാഴ്ച വരെ രാജ്യത്താകെ 75,60,782 സാംപിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,871 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അറിയിച്ചു. രാജ്യത്തു കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ സംസ്ഥാനം തമിഴ്‌നാടാണ് (9.44 ലക്ഷം). മഹാരാഷ്ട്ര (8.04 ലക്ഷം), ആന്ധ്ര (7.50 ലക്ഷം), രാജസ്ഥാന്‍ (7.72 ലക്ഷം), യുപി (5.4 ലക്ഷം), കര്‍ണാടക (5.21 ലക്ഷം) എന്നിവയാണ് 5 ലക്ഷത്തിനു മുകളില്‍ പരിശോധന നടന്ന മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ 1.92 ലക്ഷം.

രോഗവ്യാപനം കൂടുന്ന മഹാരാഷ്ട്രയില്‍ ബുധനാഴ്ച 208 പേര്‍ കൂടി മരിച്ചു. 3890 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇതുവരെയുള്ള ഉയര്‍ന്ന രോഗി സംഖ്യയാണിത്. ആകെ രോഗികള്‍ 1,42,900. ഇവരില്‍ 69,625 പേര്‍ മുംബൈയില്‍. സംസ്ഥാനത്തെ ആകെ മരണം 6739. ഡല്‍ഹി (70,390), തമിഴ്‌നാട് (67,468), ഗുജറാത്ത് (28943), എന്നിവടങ്ങളാണ് രോഗികള്‍ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.

follow us: PATHRAM ONLINE

pathram:
Leave a Comment