വീണ്ടും ചൈന: ദൗലത് ബേഗ് ഓള്‍ഡിയിലും പട്രോളിങ് തടസപ്പെടുത്താന്‍ ശ്രമം

ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ ഭാഗത്തുള്ള ദൗലത് ബേഗ് ഓള്‍ഡിയോടു (ഡിബിഒ) ചേര്‍ന്നുള്ള അതിര്‍ത്തി മേഖലകളിലും തര്‍ക്കമുന്നയിച്ച് ചൈന. ഇവിടെ 10, 13 പട്രോളിങ് പോയിന്റുകള്‍ക്കിടയില്‍ ഇന്ത്യന്‍ സേനാംഗങ്ങളുടെ പട്രോളിങ് ചൈനീസ് സേന തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു

ഇന്ത്യന്‍ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധവിമാനങ്ങള്‍ക്കിറങ്ങാന്‍ കഴിയുന്ന എയര്‍സ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡിബിഒ, അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണു ഡിബിഒയിലെ തര്‍ക്കങ്ങളെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പാംഗോങ് മലനിരകള്‍, ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെയാണു മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം.

അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കല്‍ വര്‍ധിച്ചതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയില്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.

follow us: PATHRAM ONLINE

pathram:
Leave a Comment