കോവിഡ് രോഗികള്‍ ബസിലുണ്ടെന്നറിഞ്ഞ കണ്ടക്റ്റര്‍ ബഹളം വച്ചു, യാത്രക്കാര്‍ ഇറങ്ങിയോടി

കോവിഡ് രോഗികളെ എല്ലാവരും ഭയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. ഭയമല്ല, കരുതല്‍ ആണ് വേണ്ടത് എന്നൊക്കെ പറയുന്നുണ്ട്, ബോധവത്കരിക്കുന്നുണ്ട്. എങ്കിലും അടുത്ത് ഇരിക്കുന്നത് കോവിഡ് രോഗികളാണെന്നറിഞ്ഞാല്‍ എന്താണ് സംഭവിക്കുക..? അങ്ങിനെയൊരു സംഭവമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്.

കോവിഡ് പോസ്റ്റീവായ ദമ്പതികള്‍ ബസിലുണ്ടെന്നറിഞ്ഞ കണ്ടക്റ്റര്‍ ബഹളം വച്ചു, സഹയാത്രികര്‍ ഇറങ്ങിയോടി. തമിഴ്‌നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം. നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാന്‍ ജില്ലയിലെ പന്‍രുതിക്കും വാടല്ലൂരിനുമിടയില്‍ ബസില്‍ യാത്ര ചെയ്ത അന്‍പത്തിയേഴുകാരനും ഭാര്യയ്ക്കുമാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്.

ദമ്പതികളില്‍ ക്ഷയരോഗബാധിതനായ ഭര്‍ത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാല്‍ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സാംപിള്‍ ശേഖരിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ തുടരാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവര്‍ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.

സവപരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ ടിഎന്‍എസ്ടിസി ബസില്‍ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.

കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടര്‍ക്ക് ഫോണ്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടര്‍ അലറി വിളിക്കുകയും ഈ ബഹളത്തിനിടെ ബസ് നിര്‍ത്തുന്നതിനിടെ യാത്രക്കാര്‍ ഇറങ്ങിയോടിയതും. കോവിഡ് രോഗബാധിതനില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്.

മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലന്‍സില്‍ രാജാ മുത്തയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി.

FOLLOW US: pathram online

pathram:
Related Post
Leave a Comment