പരസ്യമായ കരച്ചിലും പിഴിച്ചിലും ഇനി വേണ്ട ! കണ്ണുനീരില്‍ കൂടിയും കോവിഡ് പകരാം..

പൊതുസ്ഥലത്തുള്ള ഹസ്തദാനവും കെട്ടിപിടുത്തവും ഒത്തുചേരലും മാത്രമല്ല, പരസ്യമായ കരച്ചിലും പിഴിച്ചിലും ഇനി വേണ്ട. സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ ഇനി ആരെങ്കിലും കരയാന്‍ വന്നാല്‍തന്നെ കണ്ണീരു തുടച്ച് ആശ്വസിപ്പിക്കാനും പോവണ്ട. കാരണം കണ്ണുനീരില്‍ കൂടിയും കോവിഡ്-19 പകരാമെന്ന്് ബംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പുതിയ പഠനം പറയുന്നു.

കണ്ണിനുള്ളിലെ കോവിഡ് സാന്നിധ്യം അത്യപൂര്‍വമാണെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു. അതിനാല്‍ കണ്ണു ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

കോവിഡ് രോഗിയുടെ കണ്ണീര്‍ വീണ പ്രതലങ്ങളിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡ് രോഗിക്ക് ചെങ്കണ്ണ്, കണ്ണില്‍ പുകച്ചില്‍, കണ്ണില്‍ നിന്നും വെള്ളവും സ്രവങ്ങളും വരല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആറു മുതല്‍ 75 വരെ പ്രായമുള്ള 45 പേരിലാണ് ഈ പഠനം നടത്തിയത്. ഇതില്‍ ഒരാള്‍ക്കാണ് കണ്ണിലെ സ്വാബില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ ചൈനയിലെ ഷെന്‍ജിയാങ്ങില്‍ നടത്തിയ ഒരു പഠനത്തിലും 30ല്‍ ഒരാള്‍ കണ്ണിലെ സ്വാബില്‍ വൈറസ് പോസിറ്റീവായിരുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയിലാണ് ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

follow us pathram online

pathram:
Related Post
Leave a Comment