‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ പിന്നിലെന്നാണ് ഉയരുന്ന വാദം. ഇതിനിടെ പൃഥ്വിക്ക് അനുകൂലമായും ഫേസ്ബുക്ക് പോസ്റ്റുകള്‍ വരുന്നുണ്ട്.
‘അദ്ദേഹത്തിന്റെ പേര് പൃഥ്വിരാജ് എന്നാണ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് സുകുമാരന്‍ എന്നാണ്. ഇതുകൊണ്ടൊന്നും അയാള്‍ തോറ്റുപോവില്ല..’ എന്നിങ്ങനെ പൃഥ്വിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറേ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ നെല്‍സണ്‍ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
കുറിപ്പിന്റെ പൂര്‍ണ രൂപം…
പൃഥ്വിരാജ് തെറ്റ് ചെയ്തു. അക്ഷന്തവ്യമായ തെറ്റ്.
എന്താണ് പൃഥ്വിരാജ് ചെയ്ത തെറ്റ്?
2021ൽ മാത്രം ഷൂട്ട് തുടങ്ങാൻ പോവുന്ന ഒരു ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെയും ആരാധകരെയും അറിയിച്ചു. അതിൽക്കൂടുതലൊന്നും ചെയ്തിട്ടില്ല.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്നതാണ് പോസ്റ്റിൻ്റെ രത്നച്ചുരുക്കം.
അതിന് എന്താണ് മറുപടി കിട്ടിയത്? നല്ല ഒന്നാന്തരം സൈബർ ബുള്ളിയിങ്ങ്. പൃഥ്വിരാജിനു നേർക്ക് മാത്രമല്ല അയാളുടെ അമ്മയെ വരെ അധിക്ഷേപിച്ചുകൊണ്ടാണ് പതിനായിരങ്ങൾ ഫോളോവേഴ്സുള്ള വലിയ പ്രൊഫൈലുകൾ അടക്കം ആക്രമിക്കുന്നത്.
ചരിത്രത്തെ വളയ്ക്കുന്നോ ഒടിക്കുന്നോ എന്നൊക്കെ അറിയാൻ സിനിമ ഇറങ്ങിയിട്ടില്ല. ട്രെയിലർ പോലും വന്നിട്ടില്ല. ഷൂട്ട് തുടങ്ങിയിട്ടില്ല…ഒരു വർഷത്തിനപ്പുറം ഷൂട്ട് തുടങ്ങുമെന്ന് അറിയിച്ചിട്ടേയുള്ളെന്നോർക്കണം.
ഇനിയിപ്പൊ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്തെന്ന് പറഞ്ഞതാണോ ആവോ പ്രകോപനം !!
പൃഥ്വിരാജ് എന്ന നടൻ ഏത് സിനിമയിൽ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം അയാൾക്കുണ്ട്.
അയാളുടെ സിനിമ നിങ്ങൾക്കിഷ്ടമില്ലെങ്കിൽ കാണാതിരിക്കാം. ഇനി അല്ലെങ്കിൽ കണ്ടിട്ട് കൊള്ളില്ലെന്ന് പറയാം.. അഭിനയിക്കേണ്ട എന്ന് പറയാൻ അവകാശമില്ല.
ഒരു സിനിമ നടൻ്റെയോ എഴുത്തുകാരുടെയോ സംവിധായകൻ്റെയോ മാത്രം സിനിമയല്ല. അവരടക്കം നൂറുകണക്കിനാളുകളുടെ സംഭാവനകൾ ചേരുമ്പൊഴാണ് ഒരു സിനിമ പൂർണമാവുന്നത്.
ആഷിക് അബുവും ഷൈജു ഖാലിദും മുഹ്സിൻ പരാരിയും വസ്ത്രാലങ്കാരം ചെയ്യുന്ന സമീറയും തൊട്ട് ചെറുതും വലുതുമായ നൂറുകണക്കിനാളുകളുടെ ഇൻപുട്ട് ചേരുമ്പൊ..
രണ്ടാമത്തെ കാര്യം.
അയാളുടെ അമ്മയെ വരെ അധിക്ഷേപിക്കുന്ന രീതിയിലെ പ്രതികരണങ്ങൾ… ശുദ്ധ തോന്ന്യവാസമാണ്..തരം താണ വ്യക്തിഹത്യയാണ്. അത് ചെയ്തവരെ ഇവിടെ പരാമർശിച്ച് അവർക്ക് ആ രീതിയിൽപ്പോലും ഒരു വിസിബിലിറ്റി കൊടുക്കാൻ ആഗ്രഹിക്കുന്നില്ല..അത് അർഹിക്കുന്നില്ല..നിയമപരമായി നീങ്ങിയാൽ പൃഥ്വിക്ക് പൂർണ പിന്തുണ.
പിന്നെ , പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്…
അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല. ഇതിനെക്കാൾ ഭീകരമായ ആക്രമണം നേരിട്ട് അതിനെ മാറ്റിയെഴുതിയാണ് അയാളിന്ന് നിൽക്കുന്നിടത്ത് നിൽക്കുന്നത്..
ഇനിയിപ്പൊ രണ്ടായിരത്തി ഇരുപത്തിയൊന്ന് കാത്തിരിക്കാൻ ഒരു കാരണവുമായി.. Aashiq Abu & ടീമിൻ്റെ വാരിയംകുന്നൻ..
ആശംസകൾ
#ENTERTAINMENT #VARIYAMKUNNAN #PRTTHVIRAJ
Leave a Comment