ആശങ്ക വര്‍ധിക്കുന്നു; രാജ്യത്ത് കോവിഡ് ഗ്രാമങ്ങളിലേക്കും പടര്‍ന്ന് പിടിക്കുന്നു

രാജ്യത്ത് കോവിഡ് രോഗം ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് കോവിഡ് ആശങ്കയായി ഉയരുന്നതെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് പ്രതിദിന കണക്ക് 15,000 കടന്നേക്കും.

ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് ഒരാഴ്ചയായി രോഗവ്യാപനം ആശങ്കയായി ഉയരുന്നത്. രാജസ്ഥാനിലെ ഗ്രാമീണ മേഖലയിലും രോഗം കൂടുകയാണ്. രാജ്യത്തെ 112 ദരിദ്ര ജില്ലകളില്‍ 98 ജില്ലകളില്‍ കോവിഡ് പിടിമുറുക്കി കഴിഞ്ഞു. ലോക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളില്‍ തിരിച്ചെത്തിയതോടെയാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ രാജ്യത്താകെ കോവിഡ് ബാധിക്കുന്നത് ലക്ഷം പേര്‍ക്കിടയില്‍ 30.04 പേര്‍ക്ക് മാത്രമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അനിയന്ത്രിതമായി ഉയരുകയാണ്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2909 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 62, 655 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 2233 ആണ്.

ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ദരിദ്രര്‍ക്ക് ഭക്ഷ്യധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ഭക്ഷ്യധാന്യ വിതരണ പ്രവര്‍ത്തനങ്ങളും മൂന്നുമാസത്തേക്ക് കൂടി നീട്ടണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

follow us pathram online

pathram:
Related Post
Leave a Comment