അതിര്‍ത്തിയില്‍ രണ്ടുലക്ഷത്തോളം സൈനികര്‍; ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പരിശീലിച്ച സൈനികരും, പോര്‍വിമാനങ്ങളുടെ കാര്യത്തിലും മുന്‍തൂക്കം ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണു മുന്‍തൂക്കമെന്നു ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ചൈന ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥിരമായി ഒരുക്കിയിരിക്കുന്ന സൈനിക സാന്നിധ്യം ഉപയോഗിച്ച് അവരെ തുരത്താന്‍ കഴിയുമെന്ന് ഹാര്‍വഡ് സര്‍വകലാശാല കെന്നഡി സ്‌കൂളിലെ ഫ്രാങ്ക് ഒഡോണല്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. എന്നാല്‍ ഇരുഭാഗത്തും കനത്ത ആള്‍നാശമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ആശയവിനിമയം തകര്‍ക്കാന്‍ ചൈന സൈബര്‍ ആക്രമണം നടത്തുമോ എന്നതും വിലയിരുത്തേണ്ട വിഷയമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൈനിക തലത്തില്‍ ചൈനയുമായി ഉണ്ടായിരുന്ന അന്തരം ഇന്ത്യ ഏറെക്കുറെ ഇല്ലാതാക്കി കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ കുറച്ചൊരു മുന്‍തൂക്കവുമുണ്ട്. ഇത് തിരിച്ചറിഞ്ഞതാവാം ചൈന കൂടുതല്‍ അസംതൃപ്തരാകാന്‍ കാരണമെന്നും ഫ്രാങ്ക് വ്യക്തമാക്കുന്നു. അതിര്‍ത്തിയില്‍ രണ്ടുലക്ഷത്തോളം സൈനികരെയാണ് ഇരുരാജ്യങ്ങളും വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരുവിഭാഗം ചൈനീസ് സൈനികര്‍ റഷ്യന്‍ അതിര്‍ത്തിയും തിബറ്റ്, സിന്‍ചിയാങ് എന്നിവിടങ്ങളില്‍നിന്നുള്ള കടന്നുകയറ്റവും പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. പോര്‍വിമാനങ്ങളുടെ കാര്യത്തിലും ഇന്ത്യയ്ക്കാണു മുന്‍തൂക്കം. ഇന്ത്യയുടെ സുഖോയ്-30 യുദ്ധവിമാനങ്ങള്‍ ചൈനയുടെ ഏതു പോര്‍വിമാനത്തേക്കാളും മുന്നിലാണ്.

തന്ത്രപ്രധാനമായ വ്യോമതാവളങ്ങളും പരിശീലനം ലഭിച്ച പൈലറ്റുമാരും കൂടുതല്‍ ഇന്ത്യയ്ക്കാണെന്നും ഫ്രാങ്കിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നു. അതിനിടെ ഇന്ത്യ, പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളെ ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചു തുടങ്ങി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തുന്ന കടന്നുകയറ്റങ്ങളെ ചെറുക്കാനാണു നീക്കം. കഴിഞ്ഞ പത്തുവര്‍ഷമായി കഠിനപരിശീലനം സിദ്ധിച്ച സൈനികരെയാണ് എത്തിക്കുന്നത്. വാഹനങ്ങളില്‍ റോഡുകളിലൂടെ നീങ്ങുന്ന ചൈനീസ് സൈനികരെ നേരിടാന്‍ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പരിശീലിച്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ പൊരുതാന്‍ സജ്ജരായ സൈനികരെയാണ് ഇന്ത്യ രംഗത്തിറക്കുന്നത്.

ഉത്തരാഖണ്ഡ്, ലഡാക്ക്, ഗോര്‍ഖ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍നിന്നുള്ള ട്രൂപ്പുകളാണിത്. അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധസമാന സാഹചര്യമാണു നിലനില്‍ക്കുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരുവിഭാഗവും ശക്തമായ സൈനികവിന്യാസം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment