ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ലഫ്. ജനറല്‍ ജനറല്‍ തലത്തിലുള്ള യോഗം ആരംഭിച്ചു. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം. ലേ ആസ്ഥാനമായുള്ള കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതു രണ്ടാം തവണയാണ് ലഫ്. ജനറല്‍ തലത്തിലുള്ള യോഗം. ജൂണ്‍ ആറിനാണ് ഇതിനു മുന്‍പ് യോഗം നടന്നത്.
മോള്‍ഡോയില്‍ തന്നെ നടന്ന ഈ ചര്‍ച്ചയിലാണ് ഗല്‍വാനില്‍ നിന്നു പിന്‍വാങ്ങാന്‍ ചൈന സമ്മതിച്ചത്. ഇതു ലംഘിച്ചതാണ് പിന്നീട് സംഘട്ടനത്തിലേക്ക് നയിച്ചത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച സംഘട്ടനം നടന്ന ഗല്‍വാന്‍ പട്രോള്‍ പോയിന്റ് 14ല്‍ മേജര്‍ ജനറല്‍ തലത്തിലും ഇരു സേനകളും വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഗല്‍വാനിലും ഹോട് സ്പ്രിങ്‌സ്, പാംഗോങ് ട്‌സോ എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ യുദ്ധവിമാനം, ഹെലികോപ്റ്റര്‍ എന്നിവയുടെ നിരീക്ഷണ പറക്കല്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഞായറാഴ്ച, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിരിച്ചടിക്കാന്‍ സേനകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
സംഘര്‍ഷ മേഖലകളിലെ നിലവിലെ സ്ഥിതി ഇങ്ങനെ!.- ഗല്‍വാന്‍ പട്രോള്‍ പോയിന്റ് 14: കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് ഇപ്പോള്‍ മേല്‍ക്കൈ ഇന്ത്യയ്ക്ക്. സേനാ സന്നാഹം കൂടുതല്‍ ഇന്ത്യയുടെ ഭാഗത്ത്. ഇവിടെ ചൈന സ്ഥാപിച്ചിരുന്ന ടെന്റ് പൊളിച്ചു.
ഹോട് സ്പ്രിങ്‌സ് പട്രോള്‍ പോയിന്റുകളായ 15, 17: യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തുമായി ഏതാനും കിലോമീറ്റര്‍ അകലത്തില്‍ ഇന്ത്യ ചൈന സേനകള്‍ നിലയുറപ്പിച്ചിരിക്കുന്നു.
പാംഗോങ് മലനിരകള്‍: നിലവില്‍ ഏറ്റവുമധികം സംഘര്‍ഷം ഇവിടെ. ഇന്ത്യയുടെ ഭാഗത്തേക്ക് 8 കിലോമീറ്ററോളം അതിക്രമിച്ചു കയറി, നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നു. 500 മീറ്റര്‍ അകലെ, ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ സേനയും. 3, 4 മലനിരകള്‍ക്കിടയിലുള്ള സേനാ പോസ്റ്റില്‍ ഇന്ത്യയുടെ ആയുധസംഭരണം. 4, 5 മലനിരകള്‍ക്കിടയില്‍ ചൈനീസ് സാന്നിധ്യം ശക്തം. മുന്‍നിരയിലുള്ള സേനയ്ക്കു പിന്തുണയുമായി ഇരു ഭാഗത്തും ഏതാനും കിലോമീറ്റര്‍ നീളത്തില്‍ പടയൊരുക്കം. പാംഗോങ് തടാകത്തില്‍ ഇരു പക്ഷവും സേനാ ബോട്ടുകള്‍ അണിനിരത്തി.
FOLLOW US: pathram online
Leave a Comment