ഞാനിവിടെക്കിടന്ന് ചാവും, ഇവിടുന്ന് ആരും നോക്കുന്നില്ല… കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ ഓഡിയോ…

കോവിഡ് ബാധിച്ചു മരിച്ച എക്‌സൈസ് ജീവനക്കാരന്‍ കെ.പി. സുനിലിനു മികച്ച ചികിത്സ ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നു സുനിലിന്റെ ബന്ധുക്കള്‍. സുനിലിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നു കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച ബന്ധുക്കള്‍, സുനില്‍ മരിക്കുന്നതിനു 2 ദിവസം മുന്‍പ് സഹോദരനുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിട്ടിരുന്നു.

”ഞാനിവിടന്ന് മരിക്കാറായി, ഒന്നു പറ. ഞാനിപ്പം ഇവടന്നു ചാവും. ഇവിടെ നോക്കാനും പറയാനും ആരുമില്ല. അച്ഛനോട് വേഗം വരാന്‍ പറ. ഞാനിപ്പം ഹോസ്പിറ്റലില്‍ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ. ഇവിടന്ന് ആരും നോക്കുന്നില്ല.’ എന്നെല്ലാം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലുണ്ട്.

അതേസമയം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിനെ ആസൂത്രിതമായി അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ആരോഗ്യസ്ഥിതി മോശമായിരുന്ന രോഗിക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. എട്ടു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം എല്ലാ ശ്രമവും നടത്തിയെന്നുമാണ് അധികൃതര്‍ പറയുന്നത്. എക്‌സൈസ് ഓഫിസറുടെ മരണം പ്രത്യേക കേസായി എടുത്ത് അന്വേഷിക്കുമെന്നു മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment