പിതൃത്വത്തെ ചൊല്ലി ഷൈജു മുന്‍പും പലതവണ കുഞ്ഞിനെ ആക്രമിച്ചു; പൊലീസിന്റെ വെളിപ്പെടുത്തല്‍

നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഷൈജു തോമസ് (40) മദ്യലഹരിയില്‍ ഭാര്യയെയും സഹോദരിയെയും ആക്രമിക്കാറുണ്ടെന്നു പൊലീസ് അറിയിച്ചു. 54 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി മുന്‍പും വഴക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് നേരത്തെ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

കുഞ്ഞ് രാത്രിയില്‍ കരയുന്നതിനെ ചൊല്ലിയും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ട്– പൊലീസ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിനിയെ ഷൈജു ഒരു വര്‍ഷം മുന്‍പാണു വിവാഹം കഴിച്ചത്. 18ന് പുലര്‍ച്ചെയാണു കുഞ്ഞ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അബോധാവസ്ഥയിലായ കുഞ്ഞിനെ ഷൈജുവും മാതാവും സഹോദരിയും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കട്ടിലില്‍ നിന്നു വീണതാണെന്നാണു ആശുപത്രി അധികൃതരോട് അവര്‍ പറഞ്ഞത്.

മിക്ക ദിവസവും ഷൈജു മദ്യപിച്ചാണു വീട്ടില്‍ എത്താറുള്ളതെങ്കിലും കുഞ്ഞിനെ ആക്രമിച്ച ദിവസം മദ്യപിച്ചിരുന്നില്ലെന്നു കുഞ്ഞിന്റെ അമ്മ പൊലീസിനു മൊഴി നല്‍കി. വീട്ടില്‍ നിന്നു സ്ഥിരമായി ബഹളം കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരം അവര്‍ അറിയുന്നത്. പ്രതിക്ക് നാട്ടുകാരുമായി അടുപ്പമില്ല. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറോടും കുട്ടി വീണതാണെന്നാണു ഷൈജു പറഞ്ഞത്.

അതേസമയം, തലയ്ക്കു സാരമായി ക്ഷതമേറ്റു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറില്‍ രക്തസ്രാവവും നീര്‍ക്കെട്ടുമുണ്ട്. പരുക്കിനെ തുടര്‍ന്നുണ്ടായ അപസ്മാരം മരുന്നു നല്‍കി നിയന്ത്രണ വിധേയമാക്കി. തലച്ചോറിലെ രക്ത സമ്മര്‍ദം കുറയ്ക്കാന്‍ തീവ്രശ്രമം നടത്തി വരികയാണ്. കുഞ്ഞിന്റെ ചികിത്സാച്ചെലവു ശിശുക്ഷേമസമിതി വഹിക്കുമെന്നു സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞു.

FOLLOW US: pathram online

pathram:
Related Post
Leave a Comment