40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി: ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു അവരെ ചൈനയ്ക്ക് വിട്ടുനല്‍കിയതായും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. നമുക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടമായെങ്കില്‍ അതിന്റെ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വി.കെ. സിങ് വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ഒരാള്‍ പ്രതികരിക്കുന്നത്. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ നഷ്ടം അവര്‍ മറച്ചുവയ്ക്കുകയാണ്.

1962ലെ യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ പോലും മറച്ചുവച്ചവരാണ് ചൈന. ഗല്‍വാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭാരണകൂടം ഒരിക്കലും തുറന്നുപറയാന്‍ പോകുന്നില്ലെന്നും വി.കെ. സിങ് അഭിപ്രായപ്പെട്ടു.

പിടികൂടിയ ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ കണ്ടു. സംഘര്‍ഷ സമയത്ത് അതിര്‍ത്തി കടന്ന ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. പിന്നീട് ഇവരെ ചൈനയ്ക്ക് വിട്ടുനല്‍കിയതായും വി.കെ. സിങ് വെളിപ്പെടുത്തി.

തിങ്കളാഴ്ച രാത്രിയാണ് ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നത്. ഒരു കേണല്‍ ഉള്‍പ്പടെ 20 സൈനികരുടെ ജീവനാണ് സംഘര്‍ഷത്തില്‍ ഇന്ത്യക്ക് നഷ്ടമായത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നഷ്ടങ്ങളെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

follow us pathramonline LATEST NEWS

pathram:
Leave a Comment