ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയച്ച ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി

പത്തനംതിട്ട: ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയച്ച ശേഷം ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി. അട്ടച്ചാക്കല്‍ മണിയന്‍പാറ കോളനി മുട്ടത്ത് വടക്കേതില്‍ ഗണനാഥന്‍ (67), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. കഴുത്തില്‍ മുറിവേറ്റ നിലയിലാണ് ഗണനാഥന്‍ അയല്‍ക്കാരുടെ അടുത്തെത്തിയത്. തുടര്‍ന്ന് സമീപത്തുള്ള അച്ചന്‍കോവിലാറ്റിലെ വാലുകടവിലേക്ക് ചാടുകയായിരുന്നു.

രമണിയുടെ മൃതദേഹം മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. സമീപത്ത് രക്തം കണ്ടെത്തിയെങ്കിലും ഇവരുടെ ശരീരത്ത് മുറിവുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.ആറ്റില്‍ ചാടിയ ഗണനാഥന്റെ മൃതദേഹം കാവുംപുറത്ത് കടവില്‍ നിന്നു കണ്ടെത്തുകയായിരുന്നു. ജോത്സ്യനായിരുന്ന ഗണനാഥന്റെ രണ്ടാമത്തെ ഭാര്യയാണ് രമണി. ഇവര്‍ക്ക് മക്കളില്ല. രാവിലെ ചോര ഒലിപ്പിച്ച നിലയില്‍ ഗണനാഥന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത് സമീപവാസികള്‍ കണ്ടു. കാര്യം അന്വേഷിച്ചവരോട് ഭാര്യ മരിച്ചുവെന്നു പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് ഗണനാഥനെ സമീപവാസികളും അന്വേഷിച്ചത്. 11 മണിയോടെ അച്ചന്‍കോവിലാറ്റില്‍ കാവുംപുറത്ത് കടവില്‍ മുങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് ഗണനാഥന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, രമണിയെ ഒപ്പം കൂട്ടിയത്.

രമണിയുടെ മരണകാരണം എന്തെന്നു അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് കോന്നി പോലീസ് വിശദീകരിച്ചു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനകള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടക്കും. ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍, അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനു, ഇന്‍സ്‌പെക്ടര്‍ പി.എസ്.രാജേഷ്, ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

pathramonline LATEST NEWS

pathram:
Related Post
Leave a Comment