ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഏകദിനത്തില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ കെല്‍പ്പുണ്ടായിരുന്ന തനിക്ക് സിലക്ടര്‍മാരില്‍നിന്നും ടീം മാനേജ്‌മെന്റില്‍നിന്നും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാന്‍ ആരോപിച്ചു. കരിയറിലെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ ബോളിങ് നിരയില്‍ ആദ്യ ബോളിങ് മാറ്റമായി തന്നെ ഉപയോഗിച്ചിരുന്ന സമയത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ തന്റെ കരിയര്‍ തന്നെ മാറിപ്പോകുമായിരുന്നുവെന്നും പഠാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷ നല്‍കി ഉദിച്ചുയര്‍ന്ന പഠാന്‍ പിന്നീട് നിറംമങ്ങി പിന്തള്ളപ്പെടുകയായിരുന്നു. ചെറുപ്രായത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ ഭാഗ്യം ലഭിച്ച പഠാന്റെ അവസാന രാജ്യാന്തര മത്സരം 2012ല്‍ 27ാം വയസ്സിലായിരുന്നു.

‘രാജ്യാന്തര ക്രിക്കറ്റിലെ നേട്ടങ്ങളുടെ കാര്യത്തില്‍ കുറേക്കൂടിയൊക്കെ ആകാമായിരുന്നു എന്നു തോന്നുന്നു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു’ റെഡിഫ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പഠാന്‍ പറഞ്ഞു.

‘എനിക്ക് കളിക്കാമായിരുന്നത്ര മത്സരം കളിക്കാന്‍ അവസരം ലഭിച്ചില്ല എന്നതാണ് വാസ്തവം. 27ാം വയസ്സില്‍ എന്റെ രാജ്യാന്തര കരിയര്‍ അവസാനിച്ചു. നോക്കൂ, ഇന്ന് 3537 വയസ്സിലൊക്കെ എത്രയോ താരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായി തുടരുന്നത്. ഇംഗ്ലണ്ടിന്റെ പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ഉദാഹരണം. അവിടുത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നതൊക്കെ ശരിതന്നെ. കുറഞ്ഞ പക്ഷം 35 വയസ് വരെയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ചിത്രം മാറിയേനെ. എല്ലാം പോയില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ല’ പഠാന്‍ ചൂണ്ടിക്കാട്ടി.

‘ആദ്യം കളിച്ച 59 ഏകദിനങ്ങളില്‍ ന്യൂബോള്‍ എറിയാനുള്ള ചുമതലയായിരുന്നു എനിക്ക്. അന്ന് ഞാന്‍ 100 വിക്കറ്റും വീഴ്ത്തി. ആ റോളില്‍ നമ്മുടെ ഉത്തരവാദിത്തം വിക്കറ്റെടുക്കുക എന്നതാണ്. പക്ഷേ, ആദ്യ ബോളിങ് മാറ്റമെന്ന ഉത്തരവാദിത്തത്തിലേക്കു മാറുമ്പോള്‍ നമ്മള്‍ കുറച്ചുകൂടി പ്രതിരോധത്തിലേക്കു മാറും’ പഠാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമില്‍ തന്റെ റോള്‍ മാറിയ വിവരം തുറന്നുപറയാന്‍ ടീം അധികൃതര്‍ തയാറാകേണ്ടതായിരുന്നുവെന്നും പഠാന്‍ അഭിപ്രായപ്പെട്ടു. സിലക്ടര്‍മാരില്‍നിന്നും ടീം മാനേജ്‌മെന്റില്‍നിന്നും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാന്‍ മുന്‍പും ആരോപിച്ചിട്ടുണ്ട്.

‘ശരിയാണ് ഇര്‍ഫാന്‍ വിക്കറ്റെടുക്കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് പുതിയൊരു റോള്‍ ഏല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ആദ്യ ബോളിങ് മാറ്റമെന്ന നിലയിലാകും ഇനി അദ്ദേഹത്തെ പരിഗണിക്കുക. മാത്രമല്ല, ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും ഇര്‍ഫാനാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തില്‍നിന്നു നമുക്കു വേണ്ടത് ആ രീതിയിലുള്ള സംഭാവനയാണ് എന്നെല്ലാം വ്യക്തമായി പറയാന്‍ അന്നത്തെ സിലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനും കഴിയണമായിരുന്നു. നോക്കൂ, ഇന്നത്തെ കാലത്ത് ടീമിലെ ഓള്‍റൗണ്ടര്‍ ഓവറില്‍ ശരാശരി ആറു റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂവെങ്കിലും എല്ലാവരും സന്തോഷവാന്‍മാരാണ്. പണ്ട് ഞാന്‍ ഇതൊക്കെ ചെയ്തപ്പോള്‍ കുറ്റക്കാരനായി. എന്തുകൊണ്ടാണ് അങ്ങനെ?’ പഠാന്‍ ചോദിച്ചു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment