സമൂഹ വ്യാപനം സൃഷ്ടിക്കാന്‍ ശ്രമം..? ‘തിരുവനന്തപുരത്തെ ചെന്നൈ, ഡല്‍ഹി പോലെ രോഗബാധിത പ്രദേശമാക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നു’

തിരുവനന്തപുരത്തെ ചെന്നൈ, ബെംഗളുരു, ഡല്‍ഹി എന്നീ നഗരങ്ങളെപ്പോലെ രോഗബാധിത പ്രദേശമാക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തില്‍ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമര്‍ശനം.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള പ്രതിഷേധങ്ങളല്ല പലയിടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറുകണക്കിനു ആളുകളെ അണിനിരത്തിയുള്ള പ്രകടനങ്ങളും സമരങ്ങളും നഗരത്തില്‍ നടന്നു. തിരുവനന്തപുരം നഗരം ചെന്നൈയിലെ പോലെ, ഡല്‍ഹിയിലെ പോലെ രോഗവ്യാപനപ്രദേശമായി മാറാന്‍ സംഘടിതശ്രമമാണോ ഇതെന്ന് സംശയമുണ്ട്, കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍, അശ്രദ്ധ പാടില്ല. പല കടകളും സാമൂഹിക അകലം ലംഘിച്ച് കച്ചവടം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരം അത്തരം കടകള്‍ക്കെതിരെ കേസെടുക്കും. ജില്ലയില്‍ പലയിടത്തും വ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മരണവീടുകളിലും വിവാഹ വീടുകളിലും അനുവദിക്കപ്പെട്ടതിലും അധികം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. ഇതെല്ലാം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കും. നഗരം പൂര്‍ണമായി അടച്ചിടേണ്ട ആവശ്യം നിലവിലില്ലെന്നും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കാലടി, ആറ്റുകാല്‍, മണക്കാട്, ചിറമുക്ക് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവര്‍ ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment