അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു ചൈന; യുദ്ധവിമാനങ്ങള്‍ സജ്ജമായി ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ തുടര്‍ന്ന് ഇന്ത്യയും ചൈനയും. ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായി. കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സൈന്യമെത്തി. വ്യോമസേനാ മേധാവി ലഡാക്കില്‍ തുടരുന്നു. അതിര്‍ത്തിയായ ദെപ്‌സാങില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. ഇന്ത്യചൈന പ്രശ്‌നപരിഹാരത്തിന് മേജര്‍ ജനറല്‍ തലത്തില്‍ ഇരു സേനകളും ഇന്നലെയും ചര്‍ച്ച നടത്തിയെങ്കിലും സംഘര്‍ഷം അയഞ്ഞിട്ടില്ല.

ഗല്‍വാന്‍, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. കരസേനയ്ക്കു പിന്തുണ നല്‍കാന്‍ ചൈന അതിര്‍ത്തിയില്‍ വ്യോമസുരക്ഷയൊരുക്കുന്ന ശ്രീനഗര്‍, ലേ, അസമിലെ തേസ്പുര്‍, ഛബുവ, മോഹന്‍ബാരി, ഉത്തര്‍പ്രദേശിലെ ബറേലി, ഗോരഖ്പുര്‍ എന്നീ താവളങ്ങളിലാണു വ്യോമസേന പടയൊരുക്കം നടത്തുന്നത്.

ആണവ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വര്‍ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment