സച്ചിയ്ക്ക് വിട; പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ വികാരഭരിതനായി പൃഥ്വി ; സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. സംസ്‌കാരച്ചടങ്ങില്‍ സച്ചിയുടെ അടുത്ത ബന്ധുക്കളും സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.

നേരത്തെ, കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിനുശേഷം തമ്മനത്തെ വീട്ടിലും പൊതുദര്‍ശനം നടന്നും.

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിലേക്കു രക്തമെത്തുന്നതു നിലച്ചതാണു സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. വ്യാഴാഴ്ച രാത്രി 10.30നു വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരണം.

സുഹൃത്തായ സേതുവുമായി ചേര്‍ന്ന് എഴുതിയ ‘ചോക്ലേറ്റ്’ ആയിരുന്നു ആദ്യ സിനിമ. കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആശുപത്രിക്കു സമീപം കൂവക്കാട്ടില്‍ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി മാല്യങ്കര എസ്എന്‍എം കോളജിലും എറണാകുളം ലോ കോളജിലുമാണു പഠിച്ചത്. തമ്മനത്തായിരുന്നു സ്ഥിരതാമസം. 10 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു.

follow us: PATHRAM ONLINE

pathram:
Leave a Comment