ചെന്നൈ: കോവിഡ് ഭീതി ഉയരുന്ന സഹചര്യത്തില്‍ ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം. പലരും വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിര താമസമാക്കിയവരാണ്. കുമരവേല്‍ പെയിന്റിങ് തൊഴിലാളിയാണ്. തിരുപ്പൂരാണു സ്വദേശം. പത്തു വര്‍ഷമായി ചെന്നൈയിലാണു താമസം. ഈ നഗരം ഇതുവരെ കൈവിട്ടിട്ടില്ല. ഭാര്യയും മകനുമൊപ്പം റോയപുരത്തെ വാടക വീട്ടിലാണു താമസം. കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മൂന്നു മാസമായി വാടക നല്‍കിയിട്ടില്ല. കൂട്ടുകാര്‍ കടം നല്‍കുന്നതിനാല്‍ ഇതുവരെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടിനൊപ്പം കോവിഡ് ഭീതി കൂടിയാതോടെ കുമരവേല്‍ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചു.
രണ്ടു ഭാണ്ഡങ്ങളിലായി സാധനങ്ങള്‍ പൊതിഞ്ഞ്, കുടുംബത്തോടൊപ്പം ബൈക്കില്‍ തിരുപ്പൂരിലേക്ക് പുറപ്പെട്ടു. ചെന്നൈ പഴയതുപോലെയാകുമ്പോള്‍ മടങ്ങിവരാമെന്ന പ്രതീക്ഷയോടെ ഇന്നലെ കുമരവേല്‍ നഗരാതിര്‍ത്തി വിട്ടു. കുമരവേലിനെപ്പോലെ ലക്ഷക്കണക്കിനാളുകളാണ് കോവിഡ് ഭീതിയും തൊഴിലില്ലായ്മയും കാരണം രണ്ടു മാസത്തിനിടെ നഗരം വിട്ടത്. മൂന്നര ലക്ഷത്തോളം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇതിനകം ട്രെയിനില്‍ നാടു വിട്ടു. ഇപ്പോള്‍ നഗരത്തില്‍നിന്നു തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള കൂട്ടപ്പലായനമാണ്. വീണ്ടും കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, ഒഴുക്കിന്റെ വേഗം കൂടി.
ചെങ്കല്‍പേട്ടിലെ വണ്ടല്ലൂര്‍, കാഞ്ചീപുരത്തെ പറനൂര്‍, തിരുവള്ളൂരിലെ ഷോളാവരം ചെക്ക് പോസ്റ്റുകള്‍ വഴി ഇന്നലെ ആയിരക്കണക്കിനു പേര്‍ സ്വന്തം നാട്ടിലേക്കു മടങ്ങി. ഇ പാസില്ലാതെ യാത്ര ചെയ്യുന്നതു തടയാന്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ബൈക്കുകളിലും ചെറു വാനുകളിലുമായി വീട്ടു സാധനങ്ങള്‍ മുഴുവന്‍ കെട്ടിപ്പെറുക്കിയാണ് ഭൂരിഭാഗത്തിന്റെയും യാത്ര. ഇ പാസില്ലാത്തവരെ പൊലീസ് ജില്ലാ അതിര്‍ത്തിയില്‍നിന്നു തിരിച്ചയച്ചു. ഇതിനു തയാറാകാത്തവരുടെ വാഹനം പിടിച്ചെടുത്തു. അതേസമയം, കുടുംബമായി വന്നവരെ മാനുഷിക പരിഗണനയുടെ പേരില്‍ പൊലീസ് അതിര്‍ത്തി കടത്തി വിട്ടു.
നഗരം വിടുന്നവരില്‍ ഭൂരിപക്ഷവും ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വാടക നല്‍കാന്‍ പോലും കാശില്ലാതായതോടെ പലര്‍ക്കും മറ്റു മാര്‍ഗങ്ങളില്ലാതായി. ലോക്ഡൗണ്‍ കഴിഞ്ഞു ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ മേഖല ചെറുതായി ഉണര്‍ന്നു തുടങ്ങിയതാണ്. എന്നാല്‍, വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു മടങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന നിലയിലായി. കോവിഡ് ഭീതി കൂടിയായതോടെ ചെന്നൈ വിട്ടു ഗ്രാമത്തിലേക്കു പോകുകയെന്ന തീരുമാനത്തില്‍ പലരുമെത്തി. അതേസമയം, ചെന്നൈയില്‍നിന്നുള്ള കൂട്ടപ്പലായനം മറ്റു ജില്ലകളില്‍ കോവിഡ് വ്യാപനം തീവ്രമാകാന്‍ ഇടയാക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
follow us: PATHRAM ONLINE
Leave a Comment