ഐശ്വര്യ റായ്‌ക്കൊപ്പം സുശാന്തിന്റെ ഡാന്‍സ് വിഡിയോ വൈറല്‍

താരറാണി ഐശ്വര്യ റായ് ബച്ചനൊപ്പം സുശാന്ത് സിങ് രാജ്പുത് ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. അഭിനയ രംഗത്തേയ്‌ക്കെത്തുന്നതിനു മുന്‍പ് സുശാന്ത് ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു. നിരവധി സ്റ്റേജ് പരിപാടികളില്‍ താരം ചുവടു വച്ചിട്ടുമുണ്ട്. സുശാന്ത് ഐശ്വര്യ റായ്‌ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

2006ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വച്ചു നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ റായിയും സംഘവും നൃത്ത പരിപാടി അവതരിപ്പിച്ചത്. ഡാന്‍സില്‍ ഐശ്വര്യയ്ക്കു തൊട്ടു പിന്നിലായിരുന്നു സുശാന്ത് സിങ് രാജ്പുത്തിന്റെ സ്ഥാനം. 2010ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേയ്ക്കു മറ്റു രാജ്യക്കാരെ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു ഐശ്വര്യയും സുശാന്തും ഉള്‍പ്പെടയുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ അന്ന് വേദിയില്‍ അണിനിരന്നത്.

ഒന്നര പതിറ്റാണ്ടോളം മുന്‍പ് അരങ്ങേറിയ നൃത്തത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ആരാധകവൃന്ദം അത് ഏറ്റെടുത്തു. വേദിയില്‍ സ്വയം മറന്നു ചുവടുവച്ച് ആസ്വാദകരെ ഹരം കൊള്ളിച്ച സുശാന്ത് സിങ് അകാലത്തില്‍ വിട പറഞ്ഞപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരെ നൊമ്പരപ്പെടുത്തുകയാണ്. താരത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്ന് ഐശ്വര്യ റായ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. സുശാന്തിന്റെ വിയോഗം ഏല്‍പ്പിച്ച വേദന അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ കുടംബാംഗങ്ങള്‍ക്കു സാധിക്കട്ടെയെന്ന് ഐശ്വര്യ കുറിച്ചു.

ഏറെ വേദനയോടെയാണ് സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗ വാര്‍ത്ത സിനിമാ ലോകം സ്വീകരിച്ചത്. ഞായറാഴ്ചയാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്ത് വലിയ ആഘാതമാണ് സൃഷടിച്ചത്. നിരവധി പ്രമുഖര്‍ സുശാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment