മഹാരാഷ്ട്രയിലെ കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; 3,752 പുതിയ കേസുകള്‍, 100 മരണം

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്.

ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി. ഇതുവരെ 5,751 പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 100 പേരാണ് മരിച്ചത്. ഇതുവരെ 60,838 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് 1,672 പേരാണ് രോഗമുക്തി നേടിയതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം മുംബൈയിലെ ധാരാവിയില്‍ ഇന്ന് പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം 2,134 ആയി. ഇതുവരെ 78 പേരാണ് ധാരാവിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

മഹാരാഷ്ട്രയുടെ സമീപ സംസ്ഥാനമായ ഗുജറാത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പുതിയ കേസുകളും 31 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25,660 ആയി.ഇതില്‍ 17,829 പേര്‍ രോഗമുക്തി നേടി. 1,592 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

FOLLOW US: pathram online

pathram:
Leave a Comment