വമ്പന്‍ ഹിറ്റുകള്‍ തീര്‍ത്ത് വിടവാങ്ങി…

അടുത്തടുത്ത് വന്‍ വിജയം നേടിയെടുത്ത് ഒടുവില്‍ സച്ചി വിടവാങ്ങി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ്– ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്‌സ് എന്നിവയുമായതോടെ വാണിജ്യസിനിമ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കു പിന്നാലെയായി.

പക്ഷെ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി. അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു. ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്‌സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു.

തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. താരത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സിനിമ വന്‍വിജയമായി മാറി. അതേ വര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണ രചയിതാവായി.

രണ്ടുര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്. തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി. അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment