തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്‌വയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകള്‍ കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിന് കാരണം പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ അനുമതി വൈകുന്നതിനാലാണ് എന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷമുണ്ടായി മൂന്ന് ദിവസമായിട്ടും ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ ചൈന പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇരുഭാഗത്തും ആള്‍നാശമുണ്ടായതായും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയിലുണ്ടായിരുന്നു.
ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചുവെങ്കിലും ആള്‍നാശം സംബന്ധിച്ച് നിശബ്ദത പലിക്കുകയായിരുന്നു. സൈനിക വിഷയത്തില്‍ ബെയ്ജിങ് വളരെ സൂക്ഷ്മത പുലര്‍ത്തുന്നുവെന്ന് ചൈനീസ് സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ മരണപ്പെട്ട സൈനികരുടെ എണ്ണം പുറത്തുവിടുന്നതിന് മുമ്പ് പ്രസിഡന്റ് ഷീ ജിങ് പിങ്ങ് അത് അംഗീകരിക്കേണ്ടതുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗല്‍വാന്‍ താഴ്‌വയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇരുവശത്തും അപകടമുണ്ടായി ചൈനീസ് സൈന്യത്തില്‍ പടിഞ്ഞാറന്‍ കമാന്‍ഡ് വക്താവ് പറഞ്ഞിരുന്നതായും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹവും ചൈനീസ് ഭാഗത്തു സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
follow us: PATHRAM ONLINE LATEST NEWS
Leave a Comment