രാജ്യത്ത് 24 മണിക്കൂറിനിടെ 13000നടുത്ത് കോവിഡ് കേസുകള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകള്‍ 366946 ആയി. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായിട്ടുണ്ട്. 194324 പേര്‍ രോഗമുക്തരായി. 160384 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, ഇന്ന് മുതല്‍ രാജ്യത്ത് റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ 169 പരിശോധന കേന്ദ്രങ്ങള്‍ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളില്‍ 56 ശതമാനവും കുടിയേറ്റ തൊഴിലാളികള്‍ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. മുന്‍കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവന്‍ശ് പ്രസാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലായിരിക്കും കൂടുതല്‍ പരിശോധനകള്‍ നടത്തുക. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്.

തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 50,193 ആയി. ഇതുവരെ 576 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ പോസിറ്റീവ് കേസുകള്‍ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതര്‍ 35556 ആയി.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചു. 2414 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 47102. മരണം 1904 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 520 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 25,148ഉം മരണം 1561ഉം ആയി. പശ്ചിമ ബംഗാളില്‍ മരണസംഖ്യ 500 കടന്നു. ഉത്തര്‍പ്രദേശില്‍ 583ഉം ഹരിയാനയില്‍ 560ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment