കല്ല്യാണവീട്ടില്‍ തര്‍ക്കം; വധുവിന്റെ സഹോദരനെ വരനും സംഘവും ചേര്‍ന്ന് കൊന്നു

വിവാഹ ചടങ്ങിൽ മധുരം വിളമ്പുന്നതിനെ ച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഷംഷാബാദിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേർന്ന് മകനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് വധുവിന്റെ പിതാവിന്റെ പരാതി. സംഭവത്തിൽ വധുവിന്റെ പിതാവ് രാംപാൽ ജാദവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

വധുവിന്റെ വീട്ടിൽ വിവാഹചടങ്ങുകൾക്ക് ശേഷം നടന്ന വിരുന്നിലാണ് തർക്കങ്ങൾ ഉടലെടുത്തത്. വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലി വരനായ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ വധുവിന്റെ ഇളയ സഹോദരനായ ഒമ്പത് വയസ്സുകാരനെ മനോജ് കുമാറും സുഹൃത്തുക്കളും കാറിൽ എടുത്തിട്ട് വേഗത്തിൽ വാഹനമോടിച്ച് പോയി.

അമിതവേഗത്തിൽ പാഞ്ഞ വാഹനമിടിച്ചാണ് വധുവിന്റെ ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും ഒരു യുവാവിനും പരിക്കേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. തട്ടിക്കൊണ്ടുപോയ വധുവിന്റെ സഹോദരനെ പിന്നീട് ഗ്രാമത്തിലെ മറ്റൊരിടത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വധുവിന്റെ കുടുംബം പറഞ്ഞത്. മുഖം വികൃതമായ നിലയിലായിരുന്നു ഒമ്പതു വയസ്സുകാരന്റെ മൃതദേഹം.

പലഹാരത്തെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തപ്പോൾ മുതിർന്ന ബന്ധുക്കൾ ഇടപെട്ടിരുന്നതായി വധുവിന്റെ സഹോദരൻ പുനീത് മാധ്യമങ്ങളോട് പറഞ്ഞു. വരന്റെ സുഹൃത്തുക്കൾ തങ്ങളുടെ അമ്മാവന് നേരേ വെടിയുതിർത്തെന്നും ഭാഗ്യം കൊണ്ടാണ് അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നും ഇതിനു പിന്നാലെയാണ് ഇളയ സഹോദരനെ കാറിൽ കയറ്റി വേഗത്തിൽ ഓടിച്ചു പോയതെന്നും പുനീത് പറഞ്ഞു.

വിവാഹസൽക്കാരത്തിനിടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്ന് കാമായ്ഗഞ്ച് സർക്കിൾ ഓഫീസർ രാജ് വീർ സിങ് ഗൗർ പ്രതികരിച്ചു. വാഹനമിടിച്ചാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. അതേസമയം, ഒമ്പത് വയസ്സുകാരന്റെ മരണകാരണം വ്യക്തമായിട്ടില്ല. വാഹനമിടിച്ച് കൊല്ലപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും രീതിയിൽ കൊലപ്പെടുത്തിയതാണോ എന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ വരൻ മനോജ്കുമാറും സുഹൃത്തുക്കളും ചില ബന്ധുക്കളും ഒളിവിൽ പോയിരിക്കുകയാണ്.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment