ചൈനീസ് പൗരന്മാരോട് ഇന്ത്യ വിടാന്‍ നേരത്തെ നിര്‍ദേശം നല്‍കി; എല്ലാം ആസൂത്രിതം; മുട്ടുമടക്കരുത്, തിരിച്ചടിക്കണം

ചൈനീസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍ രംഗത്ത്. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും അഭിനന്ദിച്ച കായികലോകം, ചൈന പ്രകോപനം സൃഷ്ടിക്കുന്നതില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ രംഗത്തെത്തി. ആഴ്ചകള്‍ക്കു മുന്‍പ് തങ്ങളുടെ പൗരന്‍മാരോട് ഇന്ത്യ വിടാന്‍ ചൈന നിര്‍ദ്ദേശിച്ചത് ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവാണെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി.

‘തങ്ങളുടെ പൗരന്‍മാരോട് ഇന്ത്യ വിടാന്‍ ആഴ്ചകള്‍ക്കു മുന്‍പേ ചൈന നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയന്ത്രണ രേഖയില്‍ അവര്‍ നടത്തിയ ആക്രമണം ആസൂത്രിതമാണെന്നാണ് എന്റെ ബലമായ സംശയം. ചൈനയുടെ ഈ ഹീനകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ചൈനയുടെ പ്രകോപനത്തിനു മുന്നില്‍ മുട്ടുമടക്കാതെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കണം’ – ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബൂട്ടിയ ആവശ്യപ്പെട്ടു.

‘നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനായി ഗല്‍വാന്‍ താഴ്‌വരയില്‍ ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്ക് ബഹുമാനം, പ്രണാമം. ഒരു സൈനികനേക്കാള്‍ ധീരനും നിസ്വാര്‍ഥനുമായ വേറൊരാളില്ല. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. നമ്മുടെ പ്രാര്‍ഥനകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസം കണ്ടെത്താന്‍ അവരെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ’ -– വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, വിജയ് ശങ്കര്‍, ഇഷാന്ത് ശര്‍മ, സൈന നെഹ്‌വാള്‍, യോഗേശ്വര്‍ ദത്ത് തുടങ്ങിയവരും ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment