‘പണി വരുന്നുണ്ട് ചൈനേ..’ കനത്ത വെല്ലുവിളി ഉയര്‍ത്തി യുഎസ്, മൂന്ന് വന്‍ വിമാനവാഹിനി കപ്പലുകളുമായി അസാധാരണ സേനാവിന്യാസം, ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങള്‍ ; അസ്വസ്ഥരായി ചൈന

ഹോങ്കോങ്: കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതില്‍ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം.

യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്.


നേരത്തെ വ്യാപാരത്തര്‍ക്കത്തില്‍ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കമെന്നതു ശ്രദ്ധേയമാണ്. തര്‍ക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടി.

വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ദക്ഷിണ ചൈന കടലില്‍ പ്രവേശിച്ച്, ക്‌സിഷാ– നാന്‍ഷാ ദ്വീപുകളിലെ (പാരാസെല്‍ – സ്പ്രാറ്റ്‌ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം’.– ബെയ്ജിങ്ങിലെ നേവല്‍ വിദഗ്ധന്‍ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു.


വിമാനവാഹി കപ്പലുകള്‍ക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഗുവാമില്‍ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോര്‍ റൂസ്‌വെല്‍റ്റ് ഇവിടെ എത്തിയത്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണു യുഎസ് സേനയുടെ നീക്കമെന്നാണു വിലയിരുത്തല്‍.

മേയിലും ചൈനയ്‌ക്കെതിരെ അമേരിക്കയുടെ അപ്രതീക്ഷിത നീക്കമുണ്ടായിരുന്നു. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി 1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്. നാലു ബോംബറുകളും ഗുവാമിലാണ് ലാന്‍ഡ് ചെയ്തത്. യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും ഗുവാമിലെ ആന്‍ഡേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് പ്രസ്താവനയിലാണ് അറിയിച്ചത്. ബി 1 ബി ലാന്‍സറുകളില്‍ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്കും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാന്‍ ഭാഗത്തേക്കുമാണു തിരിച്ചുവിട്ടത്.

സഖ്യകക്ഷികള്‍, പങ്കാളികള്‍, സംയുക്ത സേന എന്നിവരുമായുള്ള പസിഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒന്‍പതാം ബോംബ് സ്‌ക്വാഡ്രണ്‍, ഏഴാം ബോംബ് വിങ്ങില്‍ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചത്. ദക്ഷിണ ചൈനാക്കടലില്‍ ഒരു ജോടി ബി 1 ബി ബോംബറുകള്‍ ഫ്‌ലൈഓവര്‍ നടത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു വ്യോമസേനയുടെ പുതിയ നീക്കങ്ങള്‍. അതിനു മുമ്പ് നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കപ്രദേശങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment