ചൈന ചെയ്തത് കൊടും ചതി; ടെന്റ് പൊളിച്ചുമാറ്റിയോ എന്നു പരിശോധിക്കാന്‍ സന്തോഷ് അടക്കം 5 പേര്‍ രാത്രി പട്രോള്‍ പോയിന്റ് 14ലേക്കു പോയി; പിന്നീട് സംഭവിച്ചത്…

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചോര വീഴ്ത്തിയ ചൈനീസ് നടപടിയെ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സേന വിശേഷിപ്പിക്കുന്നത് ഇങ്ങനെ കൊടുംചതി. സേനാ പിന്‍മാറ്റം സംബന്ധിച്ച് ഇരു സേനകളും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യ അതു പാലിച്ചപ്പോള്‍, പുറമേ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയ ചൈന രഹസ്യമായി സേനാ സന്നാഹം ശക്തമാക്കി.

ഈ മാസം 6നു ലഫ്. ജനറല്‍ തലത്തില്‍ അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗല്‍വാനിലെ പിന്മാറ്റം സംബന്ധിച്ചു ധാരണയായത്. ഇതുപ്രകാരം ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 ല്‍ നിന്ന് 5 കിലോമീറ്റര്‍ പിന്നിലുള്ള പോസ്റ്റ് ഒന്നിലേക്കു മാറാന്‍ ചൈന സമ്മതിച്ചിരുന്നു. ഇന്ത്യന്‍ സേനയും അല്‍പദൂരം പിന്നോട്ടു മാറാന്‍ തീരുമാനിച്ചു. പട്രോള്‍ പോയിന്റ് 14ല്‍ ആരും നിലയുറപ്പിക്കരുതെന്നായിരുന്നു തീരുമാനം.

ആറാം തീയതി മുതല്‍ സംഘട്ടനമുണ്ടായ 15 വരെയുള്ള ദിവസങ്ങളില്‍ പട്രോള്‍ പോയിന്റ് 14നു പിന്നിലായി ചൈനീസ് സേന വന്‍ പടയൊരുക്കം നടത്തുകയായിരുന്നുവെന്ന് ഉപഗ്രഹ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ധാരണയനുസരിച്ച് ഇന്ത്യ പിന്മാറിയപ്പോള്‍ ഇരുനൂറിലധികം സേനാ വാഹനങ്ങള്‍ ഗല്‍വാന്‍ നദിയുടെ വശത്തായുള്ള മലനിരകളില്‍ ചൈന നിരത്തി. ബ്രിഗേഡ് തലത്തിലുള്ള പടയൊരുക്കമായിരുന്നു ഇത് ഏകദേശം 3000 സേനാംഗങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

15ന് ഉച്ചയ്ക്കു പിന്മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ പട്രോള്‍ പോയിന്റ് 14ല്‍ ഇരു സേനകളുടെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ തങ്ങളുടെ സേന ഘട്ടംഘട്ടമായി പിന്മാറ്റം ആരംഭിച്ചതായി ഇന്ത്യ അറിയിച്ചു. തങ്ങളും പിന്മാറുകയാണെന്നു ചൈനയും വ്യക്തമാക്കി.

എന്നാല്‍, പ്രദേശത്തു സ്ഥാപിച്ച ടെന്റുകള്‍ ചൈന പൊളിച്ചു നീക്കാത്തത് ഇന്ത്യ ചോദ്യം ചെയ്തു. ഉടന്‍ നീക്കാമെന്ന ചൈനയുടെ മറുപടിയില്‍ കൂടിക്കാഴ്ച അവസാനിച്ചു. ഇതിന് ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡര്‍ കേണല്‍ സന്തോഷ് ബാബുവും സാക്ഷിയായിരുന്നു.

ചൈന ടെന്റ് പൊളിച്ചുമാറ്റിയോ എന്നു പരിശോധിക്കാന്‍ സന്തോഷ് അടക്കം 5 പേര്‍ രാത്രി പട്രോള്‍ പോയിന്റ് 14ലേക്കു ജീപ്പിലെത്തി. ധാരണ ലംഘിച്ചു ചൈനീസ് സംഘം ടെന്റുകളില്‍ നിലയുറപ്പിച്ചിരിക്കുന്നതാണ് അവിടെ കണ്ടത്. രൂക്ഷ ഭാഷയില്‍ പ്രതികരിച്ച സന്തോഷും സംഘവും ടെന്റ് പൊളിക്കാതെ തങ്ങള്‍ മടങ്ങില്ലെന്നു വ്യക്തമാക്കി.

ടെന്റ് നിലനിര്‍ത്താനാണു തീരുമാനമെന്നും തങ്ങളുടെ പ്രദേശത്തേക്ക് ഇന്ത്യ കടന്നുകയറിയെന്നും ചൈനീസ് സേന തിരിച്ചടിച്ചു. ഇത് വാക്കുതര്‍ക്കത്തിലേക്കു നീളുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment