പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിലപാടില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ മാറ്റം വരുത്താതെ സംസ്ഥാന സര്‍ക്കാര്‍. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം.

വിദേശ വിമാനത്താവളങ്ങളില്‍ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി. പരിശോധനയ്ക്കുള്ള ക്രമീകരണം എംബസികള്‍ ചെയ്യണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്.

പ്രവാസികള്‍ക്ക് കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനില്‍ വരുന്നവര്‍ക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നും മന്ത്രി പറയുന്നു. വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

യാത്രക്കാര്‍ കോവിഡ് ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തില്‍ രോഗികള്‍ വരുന്നില്ലെന്ന് ഉറപ്പായാല്‍ വിമാന ജീവനക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാകും. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ കോവിഡ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ നിര്‍ദേശിച്ചിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment