നീരജ് മാധവിന് മറുപടി; മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ലെന്ന്

മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ലെന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. അത്തരമൊരു രീതി ഇവിടെ നിലവില്‍ ഇല്ല എന്നതിന് ഉദാഹരണമാണ് കഴിവുള്ള ആളുകളുടെ സജീവസാനിധ്യമെന്നും അദ്ദേഹം പറയുന്നു. വളര്‍ന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാന്‍ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷിബു. ജി. സുശീലന്റെ കുറിപ്പ് വായിക്കാം:

മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ല എന്നതിന് തെളിവ് ആണ് ഇപ്പോള്‍ കഴിവുള്ള കുറേപേരുടെ സജീവ സാന്നിധ്യം. ഒരു പുതിയ ആര്‍ടിസ്റ്റ് ആയാലും മറ്റ് ടെക്നീഷ്യന്‍ ആയാലും, വരുമ്പോള്‍ തന്നെ അവര്‍ക്ക് മുന്‍ നിരയില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്ന സൗകര്യങ്ങള്‍ കൊടുക്കേണ്ട ഒരു കാര്യവും ഇല്ല. അങ്ങനെ വേണം എന്ന് വിചാരിക്കുന്നത് ശരി അല്ല. വേറെ ഏതു മേഖലയില്‍ ആണ് മുന്തിയ പരിഗണന കിട്ടുന്നത്.

അവര്‍ അവരുടെ കഴിവ് തെളിയിച്ചു വരുമ്പോള്‍ തനിയെ അതെല്ലാം വന്നു ചേരും. അങ്ങനെ തന്നെ ആണ് ഇന്ന് നിലവില്‍ ഉള്ളവര്‍ എല്ലാവരും വന്നത്. പുതിയതായി വരുന്നവരോട് സാധാരണ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയും ലൊക്കേഷനില്‍ വേണ്ട കാര്യങ്ങള്‍, അതില്‍ അദ്ഭുതം ഒന്നും ഇല്ല.

ഇപ്പോള്‍ ചിലരുടെ ആഗ്രഹം വരുമ്പോള്‍ തന്നെ കാരവന്‍ വേണം,കൂടെ അസിസ്റ്റന്റ് , മേക്കപ്പ് ടീം അങ്ങനെ പലതും. വളരെ തിരക്കുള്ള പലരും ഇതൊക്കെ ഇല്ലാതെയും ഇപ്പോഴും അഭിനയിക്കുന്നുണ്ട്.

സെറ്റില്‍ നിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടിരുന്ന ജഗതി ചേട്ടനോടൊപ്പം ഒരു സമയത്തും ബാഗ് പിടിക്കാന്‍ ആരെയും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ചില താരങ്ങള്‍ അങ്ങനെ അല്ല. ഇതൊക്കെ ഇല്ലെങ്കില്‍ എന്തോ ഒരു കുറവ് ആയിട്ട് ആണ് അവരുടെ ഫീലിങ്. ഇതൊക്കെ ഇല്ലാതെ വന്നവര്‍ തന്നെ ആണ് ഇന്നത്തെ സീനിയര്‍സ്.

കുറേ ചെറുപ്പക്കാര്‍ ഇപ്പോള്‍ സമയത്തു ലൊക്കേഷനില്‍ എത്താറില്ല എന്നത് സത്യം ആണ്. ഇവര്‍ കാരണം എന്തെല്ലാം ബുദ്ധിമുട്ട് ആ സെറ്റില്‍ ഉണ്ടാകുന്നു എന്ന് ചിന്തിക്കുക. നിര്‍മാതാവിന്റെ അവസ്ഥ …യഥാര്‍ത്ഥത്തില്‍ ഒരു വിഭാഗം സഹിക്കുക ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ,മാനേജര്‍മാര്‍ , ഡയറക്ടര്‍ സെക്ഷന്‍ ഇവര്‍ എല്ലാം കുറെ ന്യൂ ജനറേഷനെ സഹിക്കുക ആണ് ചെയ്യുന്നത്.

പുതിയ താരങ്ങള്‍ ആയാലും ടെക്നിഷ്യന്‍ ആയാലും സ്വാഭാവികമായും പ്രതിഫലം കുറവ് ആയിരിക്കും. അത് എല്ലാകാലത്തും അങ്ങനെ തന്നെ ആണ്. സീനിയര്‍സ് എല്ലാവരും പുതിയ ആര്‍ടിസ്റ്റിനെയും ടെക്നീഷ്യനെയും ഉള്‍ക്കൊള്ളാന്‍ മനസ്സ് ഉള്ളവര്‍ തന്നെ ആണ്.

നല്ല രീതിയില്‍ ഉള്ള പെരുമാറ്റവും കഴിവും ഉള്ളവര്‍ എല്ലാ മേഖലയിലും ശോഭിക്കും. അത് സിനിമയില്‍ മാത്രം അല്ല എവിടെ ആയാലും. ദിവസവും ഒരാള്‍ എങ്കിലും അഭിനയിക്കാനും കഥ പറയാനും വേണ്ടി എന്നെ ബന്ധപ്പെടാറുണ്ട്. അവര്‍ പറയുന്നത് ഒന്ന് സിനിമയില്‍ വന്നാല്‍ മതി എന്ന് ആണ് .

തുടക്കത്തില്‍ മുന്തിയ പരിഗണന വേണം എന്ന് ആഗ്രഹിക്കുന്നവര്‍ സ്വന്തം സിനിമ നിര്‍മിച്ച് വന്നാല്‍ പോരെ ???.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment