24 മണിക്കൂറിനിടെ 2003 മരണം; കോവിഡില്‍ പകച്ച് ഇന്ത്യ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 10,974 പുതിയ കോവിഡ് കേസുകളും 2003 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,54,065 ആയി. മരിച്ചവരുടെ എണ്ണം 11,903 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കുത്തനെ കൂടിയത്. 1,55,227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,86,935 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,13,445 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 5,537 പേര്‍ രോഗം ബാധിച്ച് മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 48,019 ആയി ഉയര്‍ന്നു. 528 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 44,688 കേസുകളുള്ള ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്. ഡല്‍ഹിയില്‍ ഇതുവരെ 1,837 പേരാണ് മരിച്ചത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 24,577 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 1,533 രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ്.

ഉത്തര്‍പ്രദേശില്‍ ഇതുവരെ 14,091 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 417 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജസ്ഥാനില്‍ 13,216 കേസുകളും ബംഗാളില്‍ 11,909 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ 11,083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

FOLLOW US: patram online

pathram:
Related Post
Leave a Comment