പരിശോധനാ ഫലം വൈകുന്നു; കോഴിക്കോട് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് കോവിഡ് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ആള്‍ക്കാണ് പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം.

ഫറോക്ക് സ്വദേശിയും ലോറി ഡ്രൈവറുമായ 30കാരന്‍ ഒഡീഷയില്‍ നിന്ന് 30ന് തിരികെയെത്തി തേഞ്ഞിപ്പലത്ത് ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 10ന് ഇയാള്‍ക്ക് പനിയും അസ്വസ്ഥതയും ഉണ്ടായതിനെതുടര്‍ന്ന് പരപ്പനങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും സ്രവസാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നിരീക്ഷണ കാലാവധി കഴിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ഇന്നലെ വൈകിട്ടോടെ ഇയാള്‍ക്ക് കോവിഡ് പോസിറ്റീവെന്ന് ഫലം വന്നു. ഒരു ദിവസം ഒട്ടേറെ പരിശോധന നടത്തുന്നതിനാലാണ് ഫലം വൈകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ഇയാള്‍ എത്രത്തോളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരം ലഭ്യമല്ല. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതര രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ വരുന്നവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാംപിള്‍ എടുത്ത ശേഷം അവരെ അഡ്മിറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment